September 23, 2024

വയനാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് അവശയായ രോഗിയെ തിരിച്ചയച്ചതായി പരാതി ; നടപടി വിവാദത്തിൽ

1 min read
Share

വയനാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് അവശയായ രോഗിയെ തിരിച്ചയച്ചതായി പരാതി ; നടപടി വിവാദത്തിൽ

മാനന്തവാടി : അവശനിലയിൽ ചികിത്സതേടിയ ആദിവാസി വയോധികയെ കിടത്തിച്ചികിത്സ നൽകാതെ തിരിച്ചയച്ച ആശുപത്രിയധികൃതരുടെ നടപടി വിവാദമാകുന്നു. ബേഗൂർ കൊല്ലിമൂല കോളനിയിലെ 65 വയസ്സുള്ള കെമ്പിയാണ് അവഗണന നേരിട്ടത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കെമ്പിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാസന്നനിലയിലായ അമ്മയെ രണ്ടുമണിക്കൂറിനു ശേഷം വിടുതൽ നൽകി പറഞ്ഞയക്കുകയായിരുന്നെന്ന് കെമ്പിയുടെ മകന്റെ ഭാര്യ സുമ പറഞ്ഞു.

പട്ടികവർഗ വികസനവകുപ്പിന്റെ ആംബുലൻസിലാണ് ഇവർ തിരികെ വീട്ടിലെത്തിയത്. എന്നാൽ, കെമ്പിയുടെ ആരോഗ്യസ്ഥിതിയിൽ ഒരുമാറ്റവും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കെമ്പി. കാട്ടിക്കുളം ടി.ഇ.ഒ.യും ബേഗൂർ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരും ഇടപെട്ടതിനെത്തുടർന്ന് വീണ്ടും വയനാട് ഗവ. മെ‍ഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ ശനിയാഴ്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ആദിവാസിവിഭാഗത്തിൽപ്പെട്ടവർക്ക് മിക്കപ്പോഴും അവഗണന നേരിടുന്നതായി ആക്ഷേപമുണ്ട്. ഇതിനു ബലം നൽകുന്നതാണ് കെമ്പിയുടെ അനുഭവം. സംഭവത്തെപ്പറ്റി അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെമ്പിയുടെ ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.