October 16, 2026

കോഫി ബോർഡ് ധനസഹായ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു

Share

 

കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി ധനസഹായം നൽകുന്നു. ധനസഹായത്തിനു അപേക്ഷിക്കുന്ന പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് ഒരു ഏക്കർ കാപ്പിതോട്ടവും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് അര ഏക്കർ കാപ്പിതോട്ടവും ഉണ്ടായിരിക്കേണ്ടതാണ്. (കാർഷിക യന്ത്രോപകരണങ്ങൾക്ക് പൊതുവിഭാഗകാർക്ക് അര ഏക്കറും സംവരണ വിഭാഗകാർക്ക് 25 സെന്റും മതിയാവും).

 

കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യുണിറ്റ് സ്ഥാപിക്കൽ, കാർഷിക യന്ത്രോപകരണങ്ങൾ (Weed Cutter, Chainsaw, Sprayer, Telescopic Pruner) എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്. കോഫിബോർഡ് നിശ്ചയിച്ചിട്ടുള്ള പദ്ധതി‌നിർവഹണ ചിലവിന്റെ പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്സിഡി . പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ടവർക്ക് 75% മുതൽ 90% വരെ നിരക്കിൽ സബ്സിഡി ലഭിക്കും. വ്യക്തികൾക്ക് പുറമേ ചുരുങ്ങിയത് 100 കാപ്പി കർഷകർ അംഗങ്ങളായുള്ള 2 വർഷമെങ്കിലും കാപ്പി വിപണന/സംസ്കരണ മേഖലയിൽ പ്രവർത്തി പരിചയം ഉള്ള FPO (ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ) കൾക്കും ധന സഹായം ലഭിക്കുന്നതാണ്. കമ്പനി നിയമപ്രകാരമോ സഹകരണ നിയമപ്രകാരമോ രജിസ്റ്റർ ചെയ്ത് നിലവിൽ പ്രവർത്തനത്തിലുള്ള FPOകൾക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

 

2024-25, 2025-26 വർഷങ്ങളിൽ യന്ത്രോപകരണങ്ങൾക്കൊഴികെ ഏതെങ്കിലും ഒരു പദ്ധതിക്ക് സബ്സിഡി ലഭിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല.

ധനസഹായത്തിന് അപേക്ഷിക്കുന്നവർ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് കോഫി ബോർഡിൻറെ ലൈസൺ ഓഫീസുകളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം.

 

അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ https://coffeeboard.gov.in/RegistrationSearch.aspx എന്ന വെബ്സൈറ്റ് വഴി ഗ്രോവർ രജിസ്ട്രേഷൻ ചെയ്ത ശേഷം താഴെപ്പറയുന്ന രേഖകളുമായി അടുത്തുള്ള കോഫീ ബോർഡ് ഓഫീസ് സന്ദർശിക്കുക. ഗ്രോവർ രജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി അടുത്തുള്ള അക്ഷയകേന്ദ്രങ്ങളെ ബന്ധപ്പെടാം.

 

അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30.11.2026.

1. പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ് (മുഴുവൻ തോട്ടത്തിനും)

2.ആധാർ കാർഡ്

3. ആധാർ സീഡിങ് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്ക്

4. ആധാർ സീഡിങ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്ന എൻ പി സി ഐ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുള്ള രേഖ.

4. പാസ്പോർട്ട് സൈസ് ഫോട്ടോ

5. തോട്ടത്തിൻ്റെ സ്കെച്ച് മാപ്പ് (സ്വയം വരച്ചു ദിക്കുകളും അതിരുകളും രേഖപ്പെടുത്തിയത്)

6. ക്വട്ടേഷൻ (ജലസേചന സമഗ്രികൾക്കും, കിണർ കുഴിച്ചു പമ്പ് സെറ്റ് വെക്കുന്നവർ പമ്പ് സെറ്റിനും,കാർഷികയന്ത്രോപകരണങ്ങൾക്കും).

7. സ്വയം തയ്യാറാക്കിയ പ്ലാനും എസ്റ്റിമേഷനും (കാപ്പികളത്തിനും, കാപ്പി ഗോഡൗണിനും)

 

ലഭിച്ച അപേക്ഷകളുടെ മുൻഗണന ക്രമത്തിലും പദ്ധതിക്കായി വകയിരുത്തിയിരിക്കുന്ന തുകയുടെ അടിസ്ഥാനത്തിലും ആയിരിക്കും ധനസഹായവിതരണം.

കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫീ ബോർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.