October 14, 2026

‘ ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം ‘ ; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം വരുന്നു

Share

 

സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു.ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ പരമാവധി മൂന്ന് വളര്‍ത്തുനായകള്‍ മാത്രമേ ഇനി പാടുളളൂ. പുതിയ വ്യവസ്ഥകള്‍ ഉടന്‍ നിലവില്‍ വരും.

 

വളര്‍ത്തുനായകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ കര്‍ശന നിയമങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി പറഞ്ഞു.

 

‘അനിയന്ത്രിതമായ പ്രജനനം തടയുന്നതിനും ഉത്തരവാദിത്തപരമായ പെറ്റ് ഓണര്‍ഷിപ്പ് ഉറപ്പാക്കുന്നതിനുമാണ് ഒരു വീട്ടില്‍ മൂന്ന് നായകള്‍ എന്ന പരിധി പരിഗണിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ വളര്‍ത്തുനായകളുടെ എണ്ണം തെരുവ് നായകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ സമഗ്രമായ രജിസ്‌ട്രേഷന്‍ സംവിധാനമില്ലാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

 

രജിസ്‌ട്രേഷന്‍ വരുന്നതോടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കാനും നിയന്ത്രണങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും’ -മന്ത്രി വ്യക്തമാക്കി.പുതിയ വ്യവസ്ഥകള്‍ പ്രകാരം രജിസ്‌ട്രേഷനില്ലാതെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നത് കുറ്റകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ‘അനധികൃത പ്രജനനം നടത്തുന്നവര്‍ക്കും വീടുകളില്‍ വളര്‍ത്തുമൃഗങ്ങളുടെ എണ്ണത്തിലുള്ള പരിധി ലംഘിക്കുന്നവര്‍ക്കുമെതിരെയുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറേണ്ടതുണ്ട്’ -മന്ത്രി കൂട്ടിച്ചേര്‍ത്തു.


Share
Copyright © All rights reserved. | Newsphere by AF themes.