എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം
എ.ഐ.സി.ടി.ഇ. നല്‍കുന്ന പ്രഗതി, സാക്ഷം, സ്വാന്ത് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം – എ.ഐ.സി.ടി.ഇ.(ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍) ടെക്‌നിക്കല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളില്‍ (ബി ടെക്, പോളിടെക്‌നിക്) പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രധാനപ്പെട്ട മൂന്ന് സ്‌കോളര്‍ഷിപ്പുകളാണ് പ്രഗതി, സാക്ഷം, സ്വാന്ത് എന്നിവ. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി വഴി വന്നവര്‍ക്കുമാണ് ഫ്രഷ് വിഭാഗത്തില്‍ അപേക്ഷിക്കാനാകുക. കഴിഞ്ഞ വര്‍ഷം ഈ സ്‌കോളര്‍ഷിപ്പുകളില്‍ ഒന്ന് ലഭിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങളിലും വിജയിച്ചിട്ടുണ്ടെങ്കില്‍ ഈ അധ്യയന വര്‍ഷത്തേക്ക് പുതുക്കാനവസരമുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്‌ടോബര്‍ 31.
പ്രഗതി സ്‌കോളര്‍ഷിപ്പ്
സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. ഒരു കുടുംബത്തില്‍നിന്ന് പരമാവധി രണ്ട് പെണ്‍കുട്ടികള്‍ക്കു വരെ ഇതു ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ട്യൂഷന്‍ ഫീസിലേക്കായി പ്രതിവര്‍ഷം 50,000 രൂപയും മറ്റ് അലവന്‍സുകളും ലഭിക്കും.
സാക്ഷം സ്‌കോളര്‍ഷിപ്പ്
സാങ്കേതിക വിദ്യാഭ്യാസം നേടുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍, കുറഞ്ഞത് 40% വൈകല്യമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പ്രതിവര്‍ഷം 50,000 രൂപ ട്യൂഷന്‍ ഫീസിനും മറ്റ് പഠന ആവശ്യങ്ങള്‍ക്കുമായി ലഭിക്കുന്നു.
സ്വാന്ത് സ്‌കോളര്‍ഷിപ്പ്
കോവിഡ് മഹാവ്യാധിമൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍, കോവിഡ് ബാധിച്ച് മരിച്ച സായുധ സേനാംഗങ്ങളുടെ/കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ആശ്രിതര്‍, അല്ലെങ്കില്‍ അനാഥരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി എ.ഐ.സി.ടി.ഇ. ഏര്‍പെടുത്തിയ സ്‌കോളര്‍ഷിപ്പാണിത്.
അച്‌ഛനോ അമ്മയോ അല്ലെങ്കില്‍ രണ്ട് പേരും മരണപെടുകയോ അച്‌ഛനോ അമ്മയ്‌ക്കോ മാരകമായ അസുഖം ബാധിക്കുകയോ, രക്ഷിതാവിന് അപകടത്തില്‍ 80 ശതമാനത്തില്‍ അധികം വൈകല്യം സംഭവിക്കുകയോ ചെയ്‌ത വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എല്ലാ വര്‍ഷ വിദ്യാര്‍ഥികള്‍ക്കും സ്വാന്ത് സ്‌കോളര്‍ഷിപ്പിന് ഫ്രഷ് വിഭാഗത്തില്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ എ.ഐ.സി.ടി.ഇ. അംഗീകൃത സ്‌ഥാപനങ്ങളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി കോഴ്‌സുകള്‍ പഠിക്കുന്നവരായിരിക്കണം. പഠനെച്ചലവുകള്‍ക്കായി പ്രതിവര്‍ഷം 50,000 രൂപ നല്‍കുന്നു.
