അബദ്ധത്തില്‍ ആളുമാറി പൈസ അയച്ചോ…? ടെൻഷൻ വേണ്ട, പരിഹാരമുണ്ട്…
അബദ്ധത്തില്‍ ആളുമാറി പണമയച്ചാല്‍ എന്തുചെയ്യുമെന്ന് അധികമാളുകള്‍ക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. സ്വീകർത്താവിനോട് ആദ്യമൊക്കെ മര്യാദയിലും പിന്നെ അല്‍പ്പം കനപ്പിച്ചും സംസാരിച്ചു നോക്കാനാകും പലരും പ്രധാനമായും ശ്രദ്ധിക്കുക. എന്നിട്ടും വഴിയില്ലെന്ന് കണ്ടാല്‍ പണം പോട്ടെന്ന് വെക്കുകയും ചെയ്യും. എന്നാല്‍, അബദ്ധത്തില്‍ പണം മാറി അയച്ചാല്‍ പോട്ടേയെന്ന് വെക്കാൻ വരട്ടെ. ഇനി എളുപ്പത്തില്‍ ആ പണം തിരിച്ചുപിടിക്കാനാകും.
യുപിഐ വഴി അബദ്ധത്തില്‍ അയച്ച പണം എങ്ങനെ തിരിച്ചെടുക്കാം?
1. കസ്റ്റമർ കെയറില്‍ വിളിക്കാം; ഉപയോഗിച്ച പേയ്മെന്‍റ് പ്ലാറ്റ്ഫോമിലെ കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടുകയാണ് ആദ്യം വേണ്ടത്. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ പണം നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള പരാതി നല്‍കുകയുമാകാം. അതാത് ആപ്പുകളില്‍ തന്നെ കസ്റ്റമർ കെയർ നമ്പറുകള്‍ കാണാനാകും.
2. NPCI-യെ ബന്ധപ്പെടാം;
നാഷണല്‍ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ(NPCI) ബന്ധപ്പെടുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം അബദ്ധത്തില്‍ പണം മാറി അയച്ചുവെന്ന ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് നല്‍കണം. ട്രാൻസാക്ഷൻ ഐഡി, പേയ്മെന്‍റ് അഡ്രസ്, തുക, തീയതി, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പർ തുടങ്ങി അവശ്യമായ വിവരങ്ങളെല്ലാം നല്‍കണം. പണം നഷ്ടപ്പെട്ടെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്‍റും നല്‍കണം.
പരാതിയുടെ കാരണമായി ‘അബദ്ധത്തില്‍ പണം മറ്റൊരു അക്കൌണ്ടിലേക്ക് അയച്ചുവെന്ന്’ ചേർക്കുകയും വേണം.
പ്രധാനമായും ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍;
ആദ്യം npci.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
വെബ്‌സൈറ്റിന്റെ മുകളില്‍ വലതുവശത്തുള്ള മെനുവില്‍ നിന്ന് ‘What we do’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.
അതില്‍ നിന്നും ‘UPI’ എന്ന ഭാഗത്തേക്ക് പോകുക.
തുടർന്ന് വരുന്ന ലിസ്റ്റില്‍ നിന്ന് ‘Dispute Redressal Mechanism’ ക്ലിക്ക് ചെയ്യുക.
‘Complaint’ എന്ന സെക്ഷന് താഴെയുള്ള ‘Nature of transaction’ എന്ന ഭാഗത്ത് നിങ്ങള്‍ അയച്ചത് വ്യക്തിക്കാണോ (Person to Person) അതോ വ്യാപാരിക്കാണോ (Person to Merchant) എന്ന് കൃത്യമായി കാണിക്കുക.
‘Issue’ എന്ന ഭാഗത്ത് ‘Incorrectly transferred to another account’ എന്ന് തിരഞ്ഞെടുക്കാം.
ശേഷം ട്രാന്‍സാക്ഷന്‍ ഐ.ഡി (Transaction ID), തുക, തീയതി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി പരാതി സബ്മിറ്റ് ചെയ്യുക.
3. എന്നിട്ടും പരിഹാരമില്ലെങ്കില്‍ ബാങ്കിനെ ബന്ധപ്പെടുകയുമാകാം; മേല്‍പ്പറഞ്ഞ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടും റീഫണ്ട് ലഭിച്ചില്ലെങ്കില്‍ ബാങ്കിനെ അടിയന്തരമായി ബന്ധപ്പെടണം. ഇവിടെ നിന്ന് നിങ്ങള്‍ക്ക് പരിഹാരം ലഭിക്കും.
4. ഓംബുഡ്സ്മാനെ സമീപിക്കാം; കസ്റ്റമർ കെയറില്‍ നിന്നോ എൻപിസിഐയില്‍ നിന്നോ പരിഹാരം ലഭിക്കാത്ത പക്ഷം ഓംബുഡ്സമാനെ സമീപിക്കുകയാണ് പിന്നീട് ചെയ്യാനുള്ളത്. ഒരു മാസത്തിന് ശേഷവും പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയോ അതല്ലെങ്കില്‍ ലഭിച്ച മറുപടിയില്‍ നിങ്ങള്‍ തൃപ്തനല്ലെങ്കിലോ, ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ആര്‍ബിഐയുടെ സ്വതന്ത്ര ഉദ്യോഗസ്ഥനായ ഓംബുഡ്‌സ്മാന് പരാതി നല്‍കാവുന്നതാണ്. ഇമെയില്‍ വഴിയോ തപാല്‍ വഴിയോ പരാതി കൈമാറാം.
