September 10, 2026

ഉന്നതപഠനത്തിന് എല്‍ഐസി സ്കോളര്‍ഷിപ്പ് : സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

Share

 

 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 13,440 പേർക്ക് ഉന്നതപഠനത്തിന് ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എല്‍ ഐ സി) സ്കോളർഷിപ്പ് നല്‍കുന്നു.

 

രണ്ട് വിഭാഗങ്ങളായാണ് ഗോള്‍ഡൻ ജൂബിലി സ്കോളർഷിപ്പ് നല്‍കുന്നത്. പ്ലസ്‌ടു അല്ലെങ്കില്‍ ഡിപ്ലോമക്ക് ശേഷമുള്ള ജനറല്‍ സ്കോളർഷിപ്പും പത്താം ക്ലാസ്സ് അല്ലെങ്കില്‍ ഡിപ്ലോമക്ക് ശേഷമുള്ള സ്പെഷ്യല്‍ സ്കോളർഷിപ്പുമാണ് ഗോള്‍ഡൻ ജൂബിലി സ്കോളർഷിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സർക്കാർ/പ്രൈവറ്റ് കോളജ്/സർവകലാശാലകളില്‍ പഠിക്കുന്നവർക്കും ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് /ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് സെന്ററില്‍ ടെക്നിക്കല്‍, വൊക്കേഷനല്‍ കോഴ്സുകള്‍ പഠിക്കുന്നവർക്കും (എൻ സി വി ടി അംഗീകൃതം) പ്ലസ് ടുവിന് ശേഷം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ചെയ്യുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. കോഴ്സ് കാലയളവ് മുഴുവൻ സ്കോളർഷിപ്പിന് അർഹതയുണ്ടാകും. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.

 

കോഴ്‌സുകള്‍

 

മെഡിസിൻ, എൻജിനീയറിംഗ്, മറ്റേതെങ്കിലും വിഷയങ്ങളില്‍ ബിരുദം

 

എതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്‌സുകള്‍

 

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍

 

സർക്കാർ അംഗീകൃത കോളജുകള്‍ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ എൻ സി വി ടി അംഗീകാരമുള്ള വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ (ഐ ടി ഐ) എന്നിവ നടത്തുന്ന വൊക്കേഷനല്‍ കോഴ്‌സുകള്‍

 

സ്കോളർഷിപ്പ്

 

എല്‍ ഐ സിയുടെ 112 ഡിവിഷനല്‍ ഓഫീസുകളില്‍ നിന്നായി 120 വീതം വിദ്യാർഥികളെ തിരഞ്ഞെടുക്കും. 13,440 പേർക്കാണ് ഈ വർഷം അവസരം. 80 ജനറല്‍ സ്കോളർഷിപ്പും (40 ആണ്‍കുട്ടികളും 40 പെണ്‍കുട്ടികളും) 40 സ്പെഷ്യല്‍ സ്കോളർഷിപ്പുകളുമാണ് (20 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളും) നല്‍കുക.

 

ജനറല്‍

 

മെഡിസിൻ വിദ്യാർഥികള്‍ക്ക് (എം ബി ബി എസ്, ബി എ എം എസ്, ബി എച്ച്‌ എം എസ്, ബി ഡി എസ്) 50,000 രൂപ വർഷം ലഭിക്കും. 25,000 രൂപ രണ്ട് ഇൻസ്റ്റാള്‍മെന്റായി പ്രതിവർഷം നല്‍കും.

 

എൻജിനീയറിംഗ് വിദ്യാർഥികള്‍ക്ക് (ബി ഇ. ബി ടെക്, ബി ആർക്) വർഷം 40,000 രൂപ ലഭിക്കും. 20,000 രൂപ രണ്ട് ഇൻസ്റ്റാള്‍മെന്റായി പ്രതിവർഷം നല്‍കും.

 

ബിരുദം, ഇന്റഗ്രേറ്റഡ് കോഴ്സുകള്‍, ഡിപ്ലോമ, വൊക്കേഷനല്‍ ഐ ടി ഐ/ തത്തുല്യ കോഴ്സുകള്‍ പഠിക്കുന്നവർക്ക് പഠനകാലയളവില്‍ വർഷം 20,000 രൂപ ലഭിക്കും. 10,000 രൂപ രണ്ട് ഇൻസ്റ്റാള്‍മെന്റായി പ്രതിവർഷം നല്‍കും.

 

യോഗ്യത

 

60 ശതമാനം അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ പ്ലസ്‌ടു/തത്തുല്യം (2023-24/2024-25/2025-26 അധ്യയന വർഷം യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം). മെഡിസിൻ, എൻജിനീയറിംഗ് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഇന്റഗ്രേറ്റഡ് കോഴ്സ്, ഡിപ്ലോമ, സർക്കാർ അംഗീകൃത കോളജുകള്‍, സ്ഥാപനങ്ങള്‍, വ്യവസായപരിശീലന സ്ഥാപനങ്ങള്‍ (എ ടി ഐ) നടത്തുന്ന വൊക്കേഷനല്‍ കോഴ്സു‌കള്‍ എന്നിവക്ക് 2026-27 അക്കാദമിക് വർഷത്തില്‍ ഒന്നാം വർഷം പ്രവേശനം നേടിയിരിക്കണം.

കുടുംബവാർഷിക വരുമാനം 4,50,000 രൂപയില്‍ കവിയരുത്.

 

സ്പെഷ്യല്‍

 

പ്രതിവർഷം 15,000 ( ഓരോ വർഷവും രണ്ട് ഗഡുക്കളായി 7,500 രൂപ നല്‍കും).

 

യോഗ്യത

 

60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ പത്താംക്ലാസ്സ്/തത്തുല്യ വിജയം (2023-24/2024-25/2025-26 അക്കാദമിക് വർഷം ജയിച്ചിരിക്കണം). പത്താംക്ലാസ്സിന് ശേഷം ഇന്റർമീഡിയറ്റ്/പ്ലസ് ടു/പാറ്റേണ്‍/വൊക്കേഷനല്‍/ഡിപ്ലോമ (ഗവ.അംഗീകൃത കോളജ്/സ്ഥാപനങ്ങള്‍/ഐ ടി ഐ). കോഴ്സു‌കള്‍ക്ക് 2026-27 അക്കാദമിക് വർഷത്തില്‍ ഒന്നാംവർഷം പ്രവേശനം നേടി യിരിക്കണം.

കുടുംബവാർഷിക വരുമാനം 4,50,000 രൂപ കവിയരുത്.

 

മറ്റ് മാനദണ്ഡങ്ങള്‍

 

പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കില്ല.

 

നിലവില്‍ മറ്റേതെങ്കിലും ട്രസ്റ്റ് സ്ഥാപനങ്ങളുടെ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് അർഹതയുണ്ടാകില്ല.

 

ലാറ്ററല്‍ എൻട്രി വഴി രണ്ടാം വർഷം എൻജിനീയറിംഗ് പ്രവേശനം നേടിയവർക്കും ഡിപ്ലോമക്ക് ശേഷം ഒന്നാംവർഷം എൻജിനീയറിംഗ് പ്രവേശനം (റഗുലർ) നേടിയവർക്കും അപേക്ഷിക്കാം. ഇവർക്ക് ഡിപ്ലോമക്ക് 60 ശതമാനം തത്തുല്യ ഗ്രേഡുണ്ടായിരിക്കണം.

കറസ്പോണ്ടൻസ്/പാർട്ട് ടൈം/ഓപണ്‍ സർവകലാശാല വഴി പഠനം നടത്തുന്നവർ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ പാടില്ല.

സ്കോളർഷിപ്പ് തുടരണമെങ്കില്‍ ഓരോ സെമസ്റ്ററിലും നിശ്ചിത മാർക്ക് നേടിയിരിക്കണം.

 

അപേക്ഷ

 

എല്‍ ഐ സിയുടെ വെബ്സൈറ്റിലുള്ള ലിങ്ക് (licindia.in/web/guest/golden-jubilee-foundation) വഴി അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 30. വിവരങ്ങള്‍ക്ക് licindia.in.

 

 


Share
Copyright © All rights reserved. | Newsphere by AF themes.