August 25, 2026

സ്‌കൂള്‍ കലോത്സവം : എട്ടാം ക്ലാസ് വരെ പിരിവെടുക്കേണ്ട, മത്സരവേദികള്‍ക്ക് ഫിറ്റ്‌നസ് വേണമെന്നും ബാലവകാശ കമ്മിഷൻ

Share

 

സ്കൂള്‍ കലോത്സവങ്ങള്‍ക്കായി എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളില്‍ നിന്നോ, അവരുടെ മാതാപിതാക്കളില്‍ നിന്നോ പണം പിരിക്കരുതെന്ന് ബാലവകാശ കമ്മിഷൻ.

സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങളെടുത്താണ് ബാലവകാശ കമ്മിഷന്റെ ഉത്തരവ്. അതത് മേഖലകളിലെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ കലോത്സവ മാനുവല്‍ പരിഷ്കരിക്കണമെന്നും മത്സരവേദികള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

 

2026-27 വർഷത്തെ കലോത്സവത്തിനുള്ള ശുപാർശകള്‍ നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ ഡയരക്ടർ, സംസ്ഥാന പൊലിസ് മേധാവി, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എന്നിവർക്ക് കമ്മിഷൻ ചെയർപഴ്സണ്‍ കെ.വി മനോജ് കുമാർ, അംഗങ്ങളായ ബി.മോഹൻകുമാർ, കെ.കെ ഷാജു, ഡോ. എഫ് വില്‍സണ്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് നിർദേശം നല്‍കി. സ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനിടെയാണ് നിർണായക തീരുമാനമെടുത്തത്.

സ്കൂളില്‍ നിന്ന് സംസ്ഥാന തലം വരെയുള്ള മത്സരങ്ങള്‍ക്ക് വ്യാപകമായി പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം രീതികള്‍ തടയാൻ നേരത്തെ അധികാരികള്‍ക്ക് നിർദേശം നല്‍കിയിട്ടും നടപ്പിലാക്കാത്തതിനെ തുടർന്നാണ് ബാലവകാശ കമ്മിഷൻ കർശന ഉത്തരവിറക്കിയത്.

 

കലോത്സവങ്ങളില്‍ സുതാര്യത ഉറപ്പാക്കാൻ വ്യക്തിഗത മത്സരാർഥികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന മാർക്കുകള്‍ ഒരു സ്ക്രോളിങ് ഇലക്‌ട്രോണിക് ഡിസ്പ്ലേ വഴി വേദിയില്‍ പ്രദർശിപ്പിക്കണം. ജഡ്ജസ്മാരുടെ പേരുകള്‍, വിദ്യാഭ്യാസ യോഗ്യതകള്‍, വൈദഗ്ധ്യ മേഖലകള്‍ എന്നിവ ഉപജില്ല മുതല്‍ സംസ്ഥാന തലം വരെയുള്ള സ്ക്രീനുകളില്‍ പ്രദർശിപ്പിക്കണം. ജഡ്ജസ്മാരെ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്താനും സാംസ്കാരിക വകുപ്പ് പാനലില്‍ നിന്ന് യോഗ്യതയുള്ള ജഡ്ജസ്മാരെ പരിഗണിക്കാനും കമ്മിഷൻ അധികാരികള്‍ക്ക് നിർദേശം നല്‍കി.

 

ഉപജില്ല, റവന്യൂ ജില്ലാ മത്സരങ്ങള്‍ക്കുള്ള ജഡ്ജസ്മാരെ അതത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറും പൊതുവിദ്യാഭ്യാസ ഡയരക്ടറും അംഗീകരിച്ച പാനലുകളില്‍ നിന്ന് മാത്രമേ തിരഞ്ഞെടുക്കാവൂ. റവന്യൂ ജില്ലാ മത്സരങ്ങളില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള ജഡ്ജസ്മാരും മറ്റ് ഉപജില്ലകളില്‍ നിന്നുള്ള സബ്ജില്ല മത്സര ജഡ്ജസ്മാരും ഉണ്ടായിരിക്കണം. മത്സരങ്ങള്‍ക്കിടയില്‍ ജഡ്ജസ്മാർ അവരുടെ നിയോഗിച്ച സീറ്റുകളില്‍ തന്നെ തുടരണം, കൂടാതെ അവരുടെ ചുമതല പൂർത്തിയാകുന്നതുവരെ മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, സ്മാർട്ട് വാച്ചുകള്‍ അല്ലെങ്കില്‍ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴി സഹ ജഡ്ജസ്മാരുമായി ആശയവിനിമയം നടത്താൻ പാടില്ലല്ലെന്നും ഉത്തരവില്‍ പറയുന്നു.

 

വൈകല്യമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാൻ കഴിയുന്ന പരിപാടികള്‍ കണ്ടെത്തി അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കമ്മിഷൻ അധികാരികള്‍ക്ക് നിർദേശം നല്‍കി. അപ്പീല്‍ കമ്മിറ്റി തീരുമാനങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ പുറപ്പെടുവിക്കുകയും കാരണങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുകയും വേണം. ഒരു അപ്പീല്‍ സമയത്ത് മത്സരാർഥിയുടെ പ്രകടനം ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെ പ്രകടനവുമായി വിഡിയോയില്‍ താരതമ്യം ചെയ്യണം. ആവശ്യമെങ്കില്‍ കോടതികളെ സമീപിക്കാൻ മത്സരാർഥികള്‍ക്ക് മതിയായ സമയം നല്‍കണമെന്നും ബാലവകാശ കമ്മിഷൻ ഉത്തരവില്‍ പറയുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.