സ്കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ; എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി
സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും പ്രീ പ്രൈമറി തലം മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് നാല് കിലോ അരി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ.
സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ച മന്ത്രി ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കുമെന്നും അന്നേ ദിവസം യൂണിഫോം നിര്‍ബന്ധമില്ലെന്നും വ്യക്തമാക്കി. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും.
ഓണാവധിയ്ക്ക് ശേഷം ഓഗസ്റ്റ് 31 ന് സ്കൂളുകള്‍ തുറക്കും. അതേസമയം, കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്കും ഫാക്ടറികളിലെ ജീവനക്കാർക്കുമുള്ള ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസായി നല്‍കും. തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചത്.
