എൽപിജി ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക ; ഇ-കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിയില്ല, ഓണ്‍ലൈനായി എങ്ങനെ ചെയ്യാം?
എല്‍ പി ജി സിലിണ്ടറുകൾ ഈ ഓഗസ്റ്റ് 16 നകം ഇ-കെ വൈ സി പൂർത്തിയാക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഇ- കെ വൈ സി പൂർത്തിയാക്കിയില്ലെങ്കില്‍ സബ്‌സിഡി ആനുകൂല്യങ്ങള്‍ നഷ്ടമാകുകയും ഗാർഹിക സിലിണ്ടറുകള്‍ വാണിജ്യ നിരക്കില്‍ വാങ്ങേണ്ടി വരികയും ചെയ്തേക്കാം. ഇതിനായി ഓഗസ്റ്റ് 16 വരെ മാത്രമാണ് സമയമുള്ളത് എന്ന് കാണിച്ച് ഇൻഡേൻ ഗ്യാസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്.
ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ‘IndianOil ONE’ മൊബൈല്‍ ആപ്പ് വഴിയോ, ഡിസ്ട്രിബ്യൂട്ടർ ഏജൻസി സന്ദർശിച്ചോ, സിലിണ്ടർ വിതരണത്തിന് എത്തുന്ന ഡെലിവറി ജീവനക്കാർ മുഖേനെയോ ഇത് പൂർത്തിയാക്കാവുന്നതാണ്. ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്‌പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഇ-കെവൈസി ചെയ്യാം. ഇതിനുള്ള ഘട്ടങ്ങള്‍ നോക്കാം.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക: നിങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ് സ്മാർട്ട്ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യുക.
ലോഗിൻ ചെയ്യുക: അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പർ ഉപയോഗിച്ച് ആപ്പിലേക്ക് പ്രവേശിക്കുക.
ഒടിപി വെരിഫിക്കേഷൻ: രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) നല്‍കി വിവരങ്ങള്‍ ഉറപ്പുവരുത്തുക.
അക്കൗണ്ട് ലിങ്ക് ചെയ്യുക: ഇൻഡേൻ ഉപഭോക്താക്കള്‍ തങ്ങളുടെ 16 അക്ക എല്‍പിജി ഐഡി (LPG ID) നല്‍കി അക്കൗണ്ട് ബന്ധിപ്പിക്കുക. ഭാരത് ഗ്യാസ്, എച്ച്‌പി ഗ്യാസ് ആപ്പുകളില്‍ ഇതിനുള്ള ഓപ്ഷൻ നേരിട്ട് ലഭ്യമാണ്.
ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക.
പെർമിഷൻ നല്‍കുക: നിബന്ധനകള്‍ അംഗീകരിച്ച ശേഷം ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷനായി (Face Authentication) പെർമിഷൻ നല്‍കുക.
ഫെയ്സ് സ്കാനിംഗ് നടത്തുക:’AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങള്‍ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാകും.
