സംസ്ഥാനത്ത് യുവാക്കളില്‍ എയ്ഡ്സ് ബാധിതര്‍ കൂടുന്നു ; 31 ശതമാനമായി വർധിച്ചു
സംസ്ഥാനത്ത് യുവാക്കളില്‍ എയ്ഡ്സ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി പഠനം. 15-നും 24-നും ഇടയില്‍ പ്രായമുള്ളവരില്‍ എംഎസ്എം അഥവാ സ്വവർഗരതിയുമായി ബന്ധപ്പെട്ടുള്ള എച്ച്ഐ വി ബാധിതരുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.
2025-2026 സാമ്പത്തിക വർഷത്തില്‍ പുതിയ എച്ച് ഐവി കേസുകളില്‍ 29 ശതമാനം ആയിരുന്നു എംഎസ്എം എങ്കില്‍ 2026 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം ഇത് 31 ശതമാനമായി വർധിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഡേറ്റിംഗ് ആപ്പുകളും വഴിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളാണ് യുവാക്കളില്‍ എയ്ഡ്സ് വർധിക്കുന്നതിന് കാരണം.
2022ല്‍ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളില്‍ ഇത് 9% ആയിരുന്നു. എന്നാല്‍ 2024 ല്‍ 14.2% ആയി വർധിച്ചു. 2025 ല്‍ അത് 15.4% ആയി. 2025-2026 സാമ്പത്തിക വർഷത്തില്‍ പുതിയ എച്ച് ഐവി കേസുകളില്‍ 29% ആയിരുന്നു. എംഎസ്എം കണക്കുകള്‍ നോക്കിയാല്‍ 2026 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം ഇത് 31% ആയി വർധിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 52 പുതിയ എച്ച്ഐവി കേസുകളില്‍ 2 എണ്ണമായിരുന്നു എംഎസ്എം. എന്നാല്‍, 2026 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ റിപ്പോർട്ട് ചെയ്ത പുതിയ 10 കേസുകളില്‍ ഏഴെണ്ണവും എംഎസ്എം വഴിയാണ്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്നുമാസങ്ങളില്‍ മാത്രം പാലക്കാട് ജില്ലയില്‍ 2025-2026 സാമ്പത്തിക വർഷത്തില്‍ അഞ്ചും തൃശൂർ, എറണാകുളം ജില്ലകളില്‍ 116ഉം കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ 155, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഏഴ് പേരും എംഎസ്എം വഴിയാണ് എച്ച്ഐവി ബാധിതരായത്.
യുവാക്കളില്‍ എയ്ഡ്സ് വർധിക്കുന്നതിന് പ്രധാന കാരണം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഡേറ്റിംഗ് ആപ്പുകളും വഴിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളാണെന്നാണ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നവർ പറയുന്നത്. മൊബൈല്‍ ആപ്ലിക്കേഷനുകളും സോഷ്യല്‍ മീഡിയയും വഴി യുവാക്കള്‍ക്ക് പുരുഷ പങ്കാളികളെ കണ്ടെത്തുന്നത് ഇപ്പോള്‍ വളരെ എളുപ്പമായിട്ടുണ്ട്. ഇത് വഴി എച്ച്ഐവി ബാധ സ്ഥിരീകരിച്ചാല്‍ രോഗിയുടെ മറ്റു കണ്ണികളിലെത്താൻ ഏറെ പ്രയാസം നേരിടുന്നുമുണ്ട്.
കൃത്യമായ ബോധവത്കരണവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഡേറ്റിംഗ് ആപ്പുകളും ദുരുപയോഗപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടിയും ഉണ്ടായാലെ ഇത് തടയാനാവുകയുള്ളു.
