വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം; അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം
കൽപ്പറ്റ : കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അന്തർ സംസ്ഥാനത്ത് നിന്നും ജില്ലയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി.
