ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് 3800 രൂപ ; തൊഴില്‍നഷ്ടത്തിന് 300 രൂപ; വീടും സ്ഥലവും പോയാല്‍ 12 ലക്ഷം, സംസ്കാര ചടങ്ങിന് 10,000: പ്രഖ്യാപനവുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് പ്രളയക്കെടുതികളില്‍ പെട്ടവർക്ക് ദുരിതാശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴക്കെടുതിയില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ക്കായി 10,000 രൂപയും അനുവദിക്കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്കും 10,000 വീതം നല്‍കും. 316 ദുരിതാശ്വാസ ക്യാമ്പുകളില്‍ പതിനോരായിരം പേരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവർക്കായി 3800 രൂപ വീതം നല്‍കും.
വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയാണ് നല്‍കുക. മുൻകാലങ്ങളില്‍ 4 ലക്ഷം രൂപയാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് നല്‍കിയിരുന്നത്. വീട് നിര്‍മാണ സാമഗ്രികള്‍ക്ക് വില വർധിച്ചതിനാലാണ് നഷ്ടപരിഹാരത്തുക കൂട്ടിയത്. മണ്ണിടിച്ചിലിലും മറ്റും വീടും പറമ്പും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ നല്‍കും. നേരത്തെ 10 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാലവർഷക്കെടുതിയില്‍ ഇതുവരെ 15 പേർ മരിച്ചതായാണ് വിവരം. ഏഴ് പേരെ കാണാതായിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് നല്‍കുക. 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എടുക്കും. ബാക്കി 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് എടുക്കും.
കാർഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. തൊഴില്‍ നഷ്ടപ്പെടുന്നവർക്ക് ഒരു കാർഡിലെ രണ്ട് പേർക്കെന്ന നിലയില്‍ പ്രതിദിനം 300 രൂപ വീതം നല്‍കും. നെല്‍കൃഷി നശിച്ചാല്‍ നഷ്ടപരിഹാരം നല്‍കും. ഇതില്‍ തുക തീരുമാനിച്ചിട്ടില്ല. നിലവില്‍ 13,500 രൂപയാണ് രണ്ടര ഏക്കർ നെല്‍കൃഷിയുടെ നഷ്ടത്തിന് നല്‍കുന്നത്. ഇത് മതിയായ തുകയല്ലെന്ന നിർദ്ദേശം ഉയര്‍ന്നതിനെ തുടർന്ന് കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതില്‍ തീരുമാനം വരും.
