ഈങ്ങാപ്പുഴ ടൗണിൽ വെള്ളം കയറി : താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം : ജില്ലാ കളക്ടർ
കൽപ്പറ്റ : ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ ജില്ലയിൽ നിന്നും കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്കുമുള്ള അതാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.
ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ തോട് കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. വയനാട് ചുരം മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഈങ്ങാപ്പുഴ ടൗണിൽ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.
ചുരത്തിലും താഴ്‌വരയിലും തുടരുന്ന ശക്തമായ പെയ്ത്തിൽ മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ താമരശ്ശേരി ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
