July 30, 2026

മലവെള്ളപ്പാച്ചിലില്‍ ഒറ്റരാത്രിയില്‍ ഇല്ലാതായത് ഒരു ഗ്രാമം ; വയനാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

Share

 

മേപ്പാടി : ഇരുനൂറിലധികം പേര്‍ ഒറ്റരാത്രികൊണ്ട് ഓര്‍മ്മകളിലേക്ക് മാറ്റപ്പെട്ടുപോയ ഭയാനകമായ ദുരന്തത്തിന് രണ്ടാണ്ട്. കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ടാം വാര്‍ഷികം അനുസ്മരിക്കാന്‍ ദുരന്തത്തെ അതിജീവിച്ചവര്‍ ഒത്തുകൂടി. കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 

2024 ജൂലൈ 30-ന് രാത്രിയിലായിരുന്നു അനേകരെ ജീവിതത്തില്‍ ഒറ്റപ്പെടുത്തി ദുരന്തം കടന്നുവന്നത്. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. നിമിഷങ്ങള്‍ക്കുള്ളില്‍ അത് പിന്നെ സര്‍വതും ഇല്ലാതാക്കുന്ന ഉരുള്‍പൊട്ടലായി മാറി. അര്‍ധരാത്രി 12 നും ഒന്നിനും ഇടയിലായിരുന്നു അനേകരുടെ ജീവന്‍ കൊണ്ടുപോയ വലിയ വെള്ളപ്പാച്ചില്‍ ഉണ്ടായത്. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ 8 കിലോ മീറ്ററില്‍ 8600 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്.

 

മരിച്ച 298 പേരില്‍ 99 പേരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടിവന്നു. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഇനിയും കിട്ടാതെ മണ്ണിലാണ്ടു പോയ ശരീരങ്ങളുടെ കണക്കെടുത്താല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വെള്ളാര്‍മല സ്‌കൂളില്‍ നിന്നും 33 കുട്ടികളെയാണ് നഷ്ടപ്പെട്ടുപോയത്.

 

പരിക്കേറ്റവരുടെ കണക്കുകള്‍ 390 ആണ്. പല സ്ഥലങ്ങളില്‍ നിന്നുമായിരുന്നു ഇവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രദേശവാസികളില്‍ നിന്നു വിവരമറിഞ്ഞ് പുലര്‍ച്ചെയോടെ തന്നെ രക്ഷാപ്രവര്‍ത്തനം സ്ഥലത്തേക്ക് എത്തിയത്. പുലര്‍ച്ചെ 3.10 ഓടെ സേനാവിഭാഗം അപകടസ്ഥലത്തെത്തി. പുലര്‍ച്ചെ 4.55 ഓടെ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമത്താല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

 

രണ്ടുവര്‍ഷത്തിന് ശേഷം ദുരന്തത്തിനിരയായവരുടെ ഉറ്റവരും ഉടയവരും നാട്ടുകാരുമൊക്കെ ചേര്‍ന്ന് വലിയ അനുസ്മരണ പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനകളും അനുസ്മരണങ്ങളും രാവിലെ മുതല്‍ നടക്കുന്നുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.