ഗൂഗിള്‍ പ്ലേ ഇനി ഈ ഫോണുകളില്‍ ലഭ്യമാകുകയില്ല : തീരുമാനമെടുത്ത് കമ്പനി
പഴയ ആൻഡ്രോയിഡ് പതിപ്പായ ആൻഡ്രോയിഡ് 6.0 ഉപയോഗിക്കുന്ന ഫോണുകള്‍ക്കുള്ള ഗൂഗിള്‍ പ്ലേ സർവീസുകള്‍ അവസാനിപ്പിച്ച് ഗൂഗിള്‍. ഇനിമുതല്‍ ഗൂഗിള്‍ പ്ലേ സർവീസ് ലഭിക്കണമെങ്കില്‍ ആൻഡ്രോയിഡ് 7.0 അല്ലെങ്കില്‍ അതിന് മുകളിലുള്ള പതിപ്പുകള്‍ ആവശ്യമാണ്. 2015ല്‍ പുറത്തിറങ്ങിയ ആൻഡ്രോയിഡില്‍ പ്രവർത്തിക്കുന്ന 6.0 ഫോണുകളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക.
പെട്ടെന്നൊരു ദിവസംകൊണ്ടൊന്നും ഫോണുകളുടെ പ്രവർത്തനം നിലയ്ക്കില്ല. കോളിംഗ്, മെസേജിംഗ്, ഫോട്ടോഗാലറി, മറ്റ് ആപ്പുകള്‍ എന്നിവ തുടർന്നും പ്രവർത്തിക്കും. എന്നാല്‍ വരും ദിവസങ്ങളില്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ, പ്ലേ സ്റ്റോർ വഴി ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സാധിക്കാതെ വരാം. ഡെവലപ്പർമാർ പഴയ പതിപ്പുകള്‍ക്കുള്ള പിന്തുണ ഘട്ടംഘട്ടമായി പിൻവലിക്കുന്നതോടെ ഫോണിന്റെ പ്രവർത്തനം പതുക്കെയാകും.
ഗൂഗിള്‍ പ്ലേ സർവീസസ്
ഗൂഗിള്‍ പ്ലേ സ്റ്റോറും ഗൂഗിള്‍ പ്ലേ സർവീസസും രണ്ടും രണ്ടാണ്.
ആൻഡ്രോയിഡ് ഫോണുകളുടെ പശ്ചാത്തലത്തില്‍ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്ലേ സർവീസസ്. പുഷ് നോട്ടിഫിക്കേഷനുകള്‍, ലൊക്കേഷൻ ട്രാക്കിംഗ്, ഗൂഗിള്‍ മാപ് സേവനങ്ങള്‍, ഡാറ്റ സിങ്കിംഗ്, സെക്യൂരിറ്റി വെരിഫിക്കേഷൻ തുടങ്ങിയ പ്രൈമറി ഫീച്ചറുകളെല്ലാം ഏകോപിപ്പിക്കുന്നത് ഗൂഗിള്‍ പ്ലേ സർവീസസാണ്. പല പ്രമുഖ ആപ്പുകളും ശരിയായി പ്രവർത്തിക്കാനും അപ്‌ഡേറ്റ് ആകാനും ഇതിന്റെ പ്രവർത്തനം അത്യാവശ്യമാണ്.
നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിലേക്ക് പുതിയ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാനോ നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യാനോ സാധിക്കാതെ വരും. ചില ആപ്പുകള്‍ പൂർണമായി പ്രവർത്തനം നിർത്താനും സാദ്ധ്യതയുണ്ട്. നോട്ടിഫിക്കേഷനും ലൊക്കേഷനും തടസപ്പെടാം
ഗൂഗിള്‍ പ്ലേ സർവീസസ് അപ്‌ഡേറ്റ് ലഭിക്കാതാകുന്നതോടെ ഫോണിന് പുതിയ സെക്യൂരിറ്റി സംരക്ഷണം കിട്ടില്ല. ഇത് ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും വിവരങ്ങള്‍ ചോരാനുമുള്ള സാദ്ധ്യത കൂട്ടുന്നു. അതിനാല്‍, ആൻഡ്രോയിഡ് 6.0 ഫോണ്‍ ഉപയോഗിക്കുന്നവർ സുരക്ഷിതമായിരിക്കാൻ പുതിയ മോഡല്‍ ഫോണുകളിലേക്ക് മാറുന്നതാണ് അഭികാമ്യം.
