ഇനി ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതം ; പിന്നോ ഫേസ് ഐഡിയോ ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി ചാറ്റ്ജിപിടി
ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി പുതിയ ലോക്ക് ചാറ്റ് ഫീച്ചർ അവതരിപ്പിച്ച് ഓപ്പണ്‍എഐ. സെൻസിറ്റീവായ സംഭാഷണങ്ങള്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം. നാലക്ക ഇഷ്ടാനുസൃത പിൻ നമ്പർ, ഫേസ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി എന്നിവ ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്യാൻ സാധിക്കും. ഫോണോ ലാപ്ടോപ്പോ മറ്റുള്ളവർക്ക് കൈമാറേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ചാറ്റുകള്‍ മറച്ചുവെക്കാൻ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടും.
ഒരു സംഭാഷണം ലോക്ക് ചെയ്തുകഴിഞ്ഞാല്‍, അത് സാധാരണ ചാറ്റ് ഹിസ്റ്ററിയില്‍ നിന്നോ സർച്ച് റിസള്‍ട്ടുകളില്‍ നിന്നോ പൂർണ്ണമായും അപ്രത്യക്ഷമാവുകയും, ‘ലോക്ക്ഡ് ചാറ്റ്സ്’ എന്ന പ്രത്യേക ഫോള്‍ഡറിലേക്ക് മാറുകയും ചെയ്യും. താല്‍ക്കാലികമായി അപ്രത്യക്ഷമാകുന്ന ചാറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, ലോക്ക് ചെയ്ത ചാറ്റുകള്‍ എന്നെന്നേക്കുമായി സംരക്ഷിക്കപ്പെടും. കൂടാതെ, ലോക്ക് ചെയ്ത ചാറ്റുകള്‍ക്കായി പ്രത്യേക മെമ്മറി സ്പേസ് ആണ് ചാറ്റ്ജിപിടി നല്‍കുന്നത്. അതിനാല്‍ ഇവയിലെ വിവരങ്ങള്‍ സാധാരണ ചാറ്റുകളിലേക്ക് ചോരുകയുമില്ല.
എന്നാല്‍, ഈ ഫീച്ചർ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ചാറ്റുകള്‍ ലോക്ക് ചെയ്യുന്നത് ഡാറ്റ എൻക്രിപ്ഷനില്‍ മാറ്റം വരുത്തുന്നില്ല. ഏറ്റവും പ്രധാനമായി, സെറ്റ് ചെയ്ത പിൻ നമ്പർ മറന്നുപോവുകയും അത് റീസെറ്റ് ചെയ്യുകയും ചെയ്താല്‍, ആ പിൻ ഉപയോഗിച്ച് ലോക്ക് ചെയ്ത ചാറ്റുകളും ഫയലുകളും എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് തിരികെ ലഭിക്കാൻ ഉപഭോക്തൃ സേവന വിഭാഗത്തിന് പോലും സാധിക്കില്ലെന്ന് ഓപ്പണ്‍എഐ വ്യക്തമാക്കുന്നു.
വെബ് പതിപ്പിലും, മാക്, വിൻഡോസ് ഡെസ്ക്ടോപ്പ് ആപ്പുകളിലും, ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈല്‍ ആപ്പുകളിലും ഈ സൗകര്യം ലഭ്യമാണ്. ഫ്രീ, പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് തുടങ്ങി മിക്ക പ്ലാനുകളിലെയും ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കും. എന്നാല്‍ ഹെല്‍ത്ത്കെയർ പ്ലാനുകളിലും, ഗ്രൂപ്പ് ചാറ്റുകള്‍, താല്‍ക്കാലിക ചാറ്റുകള്‍ എന്നിവയിലും ഈ ലോക്കിംഗ് സംവിധാനം ഉപയോഗിക്കാനാകില്ല. വരും ദിവസങ്ങളില്‍ എല്ലാ ഉപയോക്താക്കളിലേക്കും ഈ അപ്ഡേറ്റ് എത്തും.
