July 25, 2026

ഇന്ത്യക്കാരുടെ ഫുട്ബോള്‍ ആവേശം കണ്ട് ബ്രസീല്‍ ടീം എത്തുന്നു, ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം 

Share

 

കൊല്‍ക്കത്ത : ലോകകപ്പില്‍‍ ഇന്ത്യയിലെ ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനായി ബ്രസീല്‍ ഫുട്ബോള്‍ ടീം സൗഹൃദ മത്സരത്തിനായി ഇന്ത്യയിലേക്ക് വരുന്നു.ഒക്ടോബർ ആദ്യവാരം കൊല്‍ക്കത്തയില്‍ ബ്രസീല്‍ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് ‘ഇഎസ്‌പിഎൻ ബ്രസീല്‍’ റിപ്പോർട്ട് ചെയ്തു. ബ്രസീലിയൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും ഇന്ത്യൻ സംഘാടകരും തമ്മിലുള്ള ചർച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും കരാറിലെ ചില നിബന്ധനകള്‍ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സൗഹൃദ മത്സരതതില്‍ ബ്രസീലിന്‍റെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

 

ലോകകപ്പ് സമയത്ത് കേരളത്തിലെയും കൊല്‍ക്കത്തയിലെയും തെരുവുകളില്‍ ബ്രസീല്‍ ആരാധകർ തീർത്ത ആഘോഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പച്ചയും മഞ്ഞയും ചായമടിച്ച കൂറ്റൻ കട്ടൗട്ടുകളും ആയിരക്കണക്കിന് ആരാധകർ മഞ്ഞക്കുപ്പായമിട്ട് തെരുവിലിറങ്ങിയതും ബ്രസീലിലും വലിയ വാർത്തയായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തില്‍ ബ്രസീലിനുള്ള ജനപ്രീതി നേരില്‍ കണ്ടതോടെയാണ് ബ്രസീലിയൻ ഫുട്ബോള്‍ ഫെഡറേഷൻ ഇന്ത്യയില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്.സെപ്റ്റംബർ 21 മുതല്‍ ഒക്ടോബർ 6 വരെയുള്ള ഫിഫയുടെ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ബ്രസീല്‍ ഏഷ്യൻ പര്യടനം നടത്തുന്നുണ്ട്. ഓസ്ട്രേലിയക്കെതിരെ സെപ്റ്റംബർ 25ന് ടൗണ്‍സ്‌വില്ലെയിലും സെപ്റ്റംബർ 29ന് ബ്രിസ്ബേനിലും ബ്രസീല്‍ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതിനൊപ്പം ഒക്ടോബർ ആദ്യവാരം കൊല്‍ക്കത്തയില്‍ മത്സരം കളിക്കാൻ ബ്രസീല്‍ സന്നദ്ധത അറിയിച്ചത്. ബംഗ്ലാദേശിലും സിംഗപ്പൂരിലും കളിക്കുന്നതിനെക്കുറിച്ച്‌ ബ്രസീല്‍ ആലോചിച്ചിരുന്നെങ്കിലും, കളിക്കാരുടെ യാത്രാക്ഷീണം കണക്കിലെടുത്ത് ഏഷ്യൻ പര്യടനം മൂന്ന് മത്സരങ്ങളിലൊതുക്കാൻ തീരുമാനിക്കുകയായിരുന്നു.

 

ഇന്ത്യൻ ഫുട്ബോളിന്‍റെ ഈറ്റില്ലമായ കൊല്‍ക്കത്തയ്ക്ക് ബ്രസീലിയൻ ഫുട്ബോളുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. 1977-ല്‍ ഈഡൻ ഗാർഡൻസില്‍ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി മോഹൻ ബഗാനെതിരെ സാക്ഷാല്‍ പെലെ കളിക്കാനിറങ്ങിയത് ചരിത്രത്തിന്‍റെ ഭാഗമാണ്. യൂറോപ്യൻ ടീമുകള്‍ക്ക് ഈ സമയത്ത് സ്വന്തം മത്സരങ്ങള്‍ ഉള്ളതിനാല്‍ ബ്രസീലിന്‍റെ എതിരാളികളെ കണ്ടെത്തുക എന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. എന്നാല്‍ കരാർ നടപടികള്‍ പൂർത്തിയാകുന്നതോടെ വിനീഷ്യസ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അടങ്ങുന്ന ബ്രസീലിയൻ നിര ഇന്ത്യയില്‍ പന്ത തട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.


Share
Copyright © All rights reserved. | Newsphere by AF themes.