വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ പുതിയ നിബന്ധന ; മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങള്‍ നിര്‍ബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡല്‍ഹി : പുതുതായി വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യല്‍ ഇന്‍റൻസീവ് റിവിഷൻ (എസ്‌ഐആർ) വിവരങ്ങള്‍ ഇനി മുതല്‍ നിർബന്ധമായും നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഓണ്‍ലൈനായി വോട്ടർ രജിസ്ട്രേഷൻ നടത്തുന്നവർക്കാണ് ഈ പ്രഖ്യാപനം നിർബന്ധമാക്കിയിരിക്കുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്കും പുതുതായി വോട്ടവകാശം ലഭിച്ചവർക്കും വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്കും വീണ്ടും പേര് ചേർക്കാനായി ഉപയോഗിക്കുന്ന നിയമപരമായ ഫോം ആറിലാണ് ഈ പുതിയ നിബന്ധന ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ ഫോമില്‍ ഔപചാരികമായ ഭേദഗതി വരുത്തിയിട്ടില്ലെങ്കിലും, ഭരണപരമായ നിർദ്ദേശങ്ങളിലൂടെയാണ് ഓണ്‍ലൈൻ അപേക്ഷകള്‍ക്ക് ഇത് നിർബന്ധമാക്കിയതെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കമ്മീഷന്‍റെ ഇസിനെറ്റ് പോർട്ടലില്‍ ലഭ്യമായ ഓണ്‍ലൈൻ ഫോം ആറില്‍ മാതാപിതാക്കളുടെ വിവരങ്ങള്‍ നല്‍കുന്ന ഭാഗം പൂരിപ്പിക്കാതെ അപേക്ഷകർക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല. മുൻ എസ്‌ഐആർ വോട്ടർ പട്ടികയില്‍ അപേക്ഷകന്‍റെയോ മാതാപിതാക്കളുടെയോ പേര് ഉണ്ടോ എന്ന് വ്യക്തമാക്കുന്ന മൂന്ന് ഓപ്ഷനുകളാണ് പോർട്ടലില്‍ നല്‍കിയിരിക്കുന്നത്. സ്വന്തം പേര് ഉണ്ടായിരുന്നു എന്ന ഓപ്ഷൻ, മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ പേര് ഉണ്ടായിരുന്നു എന്ന ഓപ്ഷൻ, അല്ലെങ്കില്‍ ആരുടെയും പേര് ഉള്‍പ്പെട്ടിരുന്നില്ല എന്ന ഓപ്ഷൻ എന്നിവയാണവ. ആദ്യത്തെ രണ്ട് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിനൊപ്പം നിയമസഭാ മണ്ഡലം, പോളിംഗ് ബൂത്ത് നമ്പർ, മുൻ എസ്‌ഐആർ പ്രകാരമുള്ള സീരിയല്‍ നമ്പർ എന്നിവ നല്‍കേണ്ടതുണ്ട്. മൂന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് എന്ത് നടപടിയാണ് നേരിടേണ്ടി വരിക എന്ന് പോർട്ടലില്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വർഷം ജൂണില്‍ ബീഹാറില്‍ നടന്ന എസ്‌ഐആർ പ്രക്രിയയിലാണ് ഈ പുതിയ നിബന്ധന ആദ്യമായി പരീക്ഷിച്ചത്. വോട്ടർമാരെ കൃത്യമായി അടയാളപ്പെടുത്താനും പുതിയ വോട്ടർമാർ സമർപ്പിക്കേണ്ട അനുബന്ധ രേഖകളുടെ എണ്ണം കുറയ്ക്കാനും ഈ വിവരശേഖരണം സഹായിക്കുമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂള്‍സില്‍ ഔദ്യോഗിക മാറ്റങ്ങള്‍ വരുത്താതെയാണ് കമ്മീഷൻ ഈ പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.
രാജ്യത്തുടനീളം ഇരട്ട വോട്ടുകള്‍ ഒഴിവാക്കാനും മരിച്ചവരുടെയും താമസം മാറിയവരുടെയും വിദേശികളുടെയും പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കല്‍ (എസ്‌ഐആർ) പ്രക്രിയയുടെ ഭാഗമായാണ് ഈ നടപടി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ബീഹാർ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ഈ പ്രക്രിയ പൂർത്തിയായിട്ടുണ്ട്.
