ബെല്‍ജിയത്തെ 2-1ന് തകർത്ത് സ്പെയിൻ ലോകകപ്പ് സെമിയില്‍
ഫിഫ ലോകകപ്പ് 2026ല്‍ സ്പെയിൻ സെമിയില്‍. ക്വാർട്ടർ ഫെെനലില്‍ ബെല്‍ജിയത്തെ 2-1ന് തോല്‍പ്പിച്ചാണ് സ്പെയിൻ സെമി ടിക്കറ്റ് നേടിയത്.
ആദ്യ പകുതിയില്‍ 1-1 സമനില പങ്കിട്ട ശേഷം 88ാം മിനുട്ടില്‍ സൂപ്പർ സബ്ബായി ഇറങ്ങിയ താരം മെെക്കല്‍ മെറീനോയുടെ ഗോളാണ് സ്പെയിന് സെമി ടിക്കറ്റ് നേടിക്കൊടുത്തത്. ഇനി സെമിയില്‍ ഫ്രാൻസ് വെല്ലുവിളിയാണ് സ്പെയിനെ കാത്തിരിക്കുന്നത്.
4-2-3-1 ഫോർമേഷനിലാണ് സ്പെയിനും ബെല്‍ജിയവും ബൂട്ടണിഞ്ഞത്. കെവിൻ ഡി ബ്രൂയിൻ നയിക്കുന്ന ബെല്‍ജിയത്തിന്റെ സ്റ്റാർട്ടിങ് ഇലവനില്‍ റോമലു ലുക്കാക്കുവിനെ പതിവ് പോലെ ഉള്‍പ്പെടുത്തിയില്ല. കളി മികവില്‍ തുടക്കം മുതല്‍ സ്പെയിന്റെ ആധിപത്യമാണ് കണ്ടത്. എന്നാല്‍ ലഭിച്ച അവസരങ്ങളെ നന്നായി മുതലാക്കാൻ ബെല്‍ജിയത്തിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.
നാലാം മിനുട്ടില്‍ സ്പെയിന്റെ ഫാബിയൻ റൂയിസിന്റെ മുന്നേറ്റം. ബോക്സിലേക്ക് താരം ക്രോസ് നല്‍കിയെങ്കിലും ബെല്‍ജിയം പ്രതിരോധത്തെ മറികടക്കാനായില്ല. ഏഴാം മിനുട്ടില്‍ പതിവ് ശെെലിയില്‍ കുറുകിയ പാസുകളിലൂടെയുള്ള സ്പാനിഷ് മുന്നേറ്റമാണ് കാണാനായത്. എന്നാല്‍ വീണ്ടും ബെല്‍ജിയം പ്രതിരോധം വെല്ലുവിളിയായി. 11ാം മിനുട്ടില്‍ സ്പെയിന്റെ റോഡ്രിക്ക് അവസരം.
ബോക്സിന്റെ മൂലയില്‍ നിന്ന് റോഡ്രി തൊടുത്ത ഷോട്ട് ലക്ഷ്യത്തിലെത്താതെ പോയി. 13ാം മിനുട്ടില്‍ ബെല്‍ജിയം താരത്തിന്റെ ഹാൻഡ്ബോള്‍ കണ്ടെങ്കിലും സ്പാനിഷ് അപ്പീല്‍ പരിഗണിക്കാതെ കളി തുടരാൻ നിർദേശിച്ച് റഫറി.
15ാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലയറെയുടെ ഷോട്ട് സ്പാനിഷ് പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി.
22ാം മിനുട്ടില്‍ ലാമി യമാലിന്റെ മുന്നേറ്റത്തിനൊടുവിലുള്ള ഷോട്ട് ഇടത് പോസ്റ്റിന് പുറത്തേക്ക് നേരിയ വ്യത്യാസത്തിലൂടെ കടന്ന് പോകുന്നു. 29ാം മിനുട്ടില്‍ ലാമി യമാല്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് ബെല്‍ജിയം ഗോളി തിബൗട്ട് കോർട്ടോയിസ് തട്ടിയകറ്റി. 30ാം മിനുട്ടില്‍ സ്പെയിന്റെ ഡാനി ഒല്‍മോയുടെ ബോക്സിനകത്ത് നിന്നുള്ള ഷോട്ടും ബെല്‍ജിയം ഗോളി തട്ടിയകറ്റി.
ഈ റീബൗണ്ട് പന്തില്‍ നിന്ന് സ്പെയിൻ അക്കൗണ്ട് തുറന്നു. സ്പെയിന്റെ ഫാബിയാൻ റൂയിസാണ് വല കുലുക്കിയത്. ലീഡെടുത്തതോടെ ആത്മവിശ്വാസം ഉയർന്ന സ്പെയിൻ ആക്രമണം കടുപ്പിച്ചു. 35ാം മിനുട്ടില്‍ യമാലിന്റെ ഫ്രീകിക്ക് ബെല്‍ജിയം ഗോളി സേവ് ചെയ്തു. തിരിച്ചടിക്കാൻ കിണഞ്ഞ് ശ്രമിച്ച ബെല്‍ജിയം 41ാം മിനുട്ടില്‍ ഗോള്‍ മടക്കി. തിമോത്തി കസ്റ്റാഗ്നെ നല്‍കിയ ക്രോസിനെ ഹെഡ്ഡറിലൂടെ ചാള്‍സ് ഡി കെറ്റലയറെയാണ് വലയിലെത്തിച്ചത്.
ഈ ലോകകപ്പില്‍ സ്പെയിൻ വഴങ്ങുന്ന ആദ്യത്തെ ഗോളാണിത്. അവസാന മിനുട്ടുകളില്‍ ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതിയില്‍ ഇരു ടീമും 1-1 എന്ന നിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ 62% പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സ്പെയിൻ രണ്ടിനെതിരേ ഒമ്പത് ഗോള്‍ശ്രമങ്ങളും നടത്തി.
രണ്ടാം പകുതിയിലും സ്പെയിന്റെ ആധിപത്യമാണ് കാണാനായത്. 55ാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ മികച്ച മുന്നേറ്റം. മാക്സിം ഡി ക്യുയിപർ നടത്തിയ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. 60ാം മിനുട്ടില്‍ ലാമി യമാലിന്റെ ഷോട്ട് ബെല്‍ജിയം ഗോളി മനോഹരമായി തടുത്തു. 60ാം മിനുട്ടില്‍ റോമലു ലുക്കാക്കുവിനെ ബെല്‍ജിയം കളത്തിലിറക്കി. 71ാം മിനുട്ടില്‍ പരിക്കേറ്റ ഗോള്‍കീപ്പർ തിബൗട്ട് കോർട്ടോയിസിനെ ബെല്‍ജിയം പിൻവലിച്ചു.
ലാമി യമാല്‍ വിങ്ങിലൂടെ കളി മെനയുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്കെത്താനാവുന്നില്ല. 70 മിനുട്ട് കഴിഞ്ഞതോടെ സ്പെയിൻ കൂടുതല്‍ പന്തടക്കത്തിലേക്ക് കടക്കുകയും ബെല്‍ജിയം പോസ്റ്റിലേക്ക് നിയന്തരം പന്ത് എത്തിക്കുകയും ചെയ്തു. 78ാം മിനുട്ടില്‍ അതിവേഗ പാസുകളിലൂടെയുള്ള സ്പാനിഷ് മുന്നേറ്റം. എന്നാല്‍ ബെല്‍ജിയം പ്രതിരോധം ലാമി യമാലിലേക്ക് പന്ത് എത്തുന്നത് തടുത്ത് ടീമിനെ രക്ഷപെടുത്തുന്നു.
81ാം മിനുട്ടില്‍ ലാമി യമാലിന്റെ ഷോട്ട് ബെല്‍ജിയം പ്രതിരോധത്തില്‍ തട്ടി തകർന്നു. 83ാം മിനുട്ടില്‍ ബോക്സിലേക്കെത്തിയ ക്രോസിനെ ഓടിയെടുക്കാൻ ലമാല്‍ ശ്രമിച്ചെങ്കിലും കൃത്യമായി കണക്‌ട് ചെയ്യാനായില്ല. 85ാം മിനുട്ടില്‍ കെവിൻ ഡി ബ്രൂയിനെ ബെല്‍ജിയം പിൻവലിച്ചു. 86ാം മിനുട്ടിലും യമാലിന് ബോക്സിനുള്ളില്‍ പന്ത് ലഭിച്ചു. എന്നാല്‍ ബെല്‍ജിയം പ്രതിരോധത്തെ മറികടക്കാനായില്ല.
88ാം മിനുട്ടില്‍ സ്പെയിൻ രണ്ടാം ഗോളെടുത്തു. 86ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ മെെക്കല്‍ മെറീനോയാണ് സ്പെയിനായി രണ്ടാം ഗോള്‍ നേടിയത്. ബെല്‍ജിയം ഗോളി സെനി ലമൻസിന് പന്ത് തടുക്കാൻ സാധിക്കാതെ പോയപ്പോള്‍ റീബൗണ്ട് പന്തില്‍ നിന്നാണ് മെറീനോയുടെ ഈ ഗോള്‍. ഇഞ്ചുറി ടെെമിന്റെ രണ്ടാം മിനുട്ടില്‍ ബെല്‍ജിയത്തിന് സുവർണ്ണാവസരം. പക്ഷെ സ്പാനിഷ് പ്രതിരോധം തടുത്തു. അവസാന മിനുട്ടില്‍ ബെല്‍ജിയത്തിന് ഗോള്‍ മടക്കാൻ സാധിക്കാതെ പോയതോടെ 2-1ന്റെ ജയത്തോടെ സ്പെയിൻ സെമിയിലേക്ക്.
