നെയ്മര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു : ബ്രസീലിയന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം
ന്യൂയോര്‍ക്ക് : 2026 ഫിഫ ലോകകപ്പില്‍ നോര്‍വെയോട് തോറ്റ് ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍.
ബ്രസീലിയന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലത്തിനാണ് ഇതോടെ അന്ത്യമാവുന്നത്. മല്‍സരത്തില്‍ നോര്‍വെക്കെതിരേ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ ഗോള്‍ നേടിയത് 34കാരനായ നെയ്മറായിരുന്നു. ബ്രസീലിയന്‍ പുരുഷ ഫുട്ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.
മല്‍സരശേഷം കളിക്കളം വിട്ടത് കണ്ണീരോടെയായിരുന്നു. പരമാവധി ശ്രമിച്ചു, എല്ലാം തുടങ്ങിയതും അവസാനിച്ചതും ഇതേ സ്റ്റേഡിയത്തില്‍, ഇറ്റ്‌സ് നൗ ഓവര്‍ എന്ന് കുറിപ്പ് പങ്കുവെച്ചായിരുന്നു പ്രഖ്യാപനം. ബ്രസീല്‍ ദേശീയ ടീമിനായി 130 മല്‍സരങ്ങളില്‍ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്. 16 വര്‍ഷത്തെ കരിയറിനാണ് ഈ 34കാരന്‍ അവസാനം കുറിച്ചത്. ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്‍ കളം വിടുന്നത്.
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ബ്രസീല്‍ ടീമിനൊപ്പം നെയ്മറുണ്ടായിരുന്നു. ബ്രസീലിനൊപ്പം 2013ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പും 2016ല്‍ സ്വന്തം നാട്ടില്‍ വെച്ച് നടന്ന റിയോ ഒളിമ്പിക്സില്‍ ബ്രസീലിനെ സ്വര്‍ണ മെഡല്‍ ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. നാല് ലോകകപ്പുകളില്‍ ബ്രസീലിനായി കളിച്ചെങ്കിലും ലോകകിരീടം നെയ്മറിന് നേടാനായില്ല. ഈ ലോകകപ്പില്‍ രണ്ട് മല്‍സരങ്ങളിലും കളിച്ചത് പകരക്കാരനായായിരുന്നു.
കരിയറിലുടനീളം പരിക്കുകള്‍ നെയ്മറെ വേട്ടയാടിയിരുന്നു. പരിക്ക് കാരണം വിട്ടുനിന്ന നെയ്മര്‍ രണ്ട് വര്‍ഷത്തിനും എട്ട് മാസത്തിനും ശേഷമാണ് ഇപ്പോള്‍ ടീമിലെത്തിയത്. 2010ല്‍ തന്റെ പതിനെട്ടാം വയസില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍ ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.
