ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടലിലാക്കി ബ്രസീല്‍ വീണു ; ഹാലൻഡിൻ്റെ ഇരട്ട ഗോളിൽ ചരിത്രത്തിലാദ്യമായി നോര്‍വെ ക്വാര്‍ട്ടറിൽ
ന്യൂയോര്‍ക്ക് : ഫുട്‌ബോള്‍ ലോകത്തെ വമ്പന്മാര്‍ക്ക് ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍. അഞ്ച് വട്ടത്തെ ലോകകിരീടത്തിന്റെ അഹങ്കാരവുമായി കളത്തിലിറങ്ങിയ ബ്രസീലിനെ, ആരും കൊതിക്കുന്ന കാനറിപ്പടയെ തരിപ്പണമാക്കി നോര്‍വെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുന്നു.
ചരിത്രത്തിലാദ്യമായാണ് നോര്‍വെ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുന്നത്. കാനറികളുടെ നെഞ്ചിലേക്ക് തുളച്ചുകയറിയ രണ്ട് വെടിയുണ്ടകളുമായി എര്‍ലിങ് ഹാളണ്ട് എന്ന നോര്‍വീജിയന്‍ സുനാമി കളം നിറഞ്ഞാടിയപ്പോള്‍, ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ മലയാളി ആരാധകരടക്കമുള്ള ലക്ഷക്കണക്കിന് ബ്രസീല്‍ പ്രേമികളുടെ നെഞ്ചാണ് തകര്‍ന്നുപോയത്. സ്‌കോര്‍: ബ്രസീല്‍- 1, നോര്‍വെ- 2.
കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ബ്രസീല്‍ സ്വയം കുഴിതോണ്ടുകയായിരുന്നു എന്ന് പറയേണ്ടിവരും. 14-ാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ബ്രൂണോ ഗ്വിമറെഷിന് സാധിക്കാതെ പോയതാണ് മത്സരത്തിന്റെ വഴിത്തിരിവായത്. വാര്‍ പരിശോധനയ്ക്ക് ശേഷം ലഭിച്ച ആ സുവര്‍ണാവസരം നോര്‍വെ ഗോളി ഓര്‍യാന്‍ നീലാന്‍ഡ് തട്ടിയകറ്റിയപ്പോള്‍ തന്നെ ബ്രസീല്‍ ആരാധകരുടെ ഉള്ളിലൊരു തീപ്പൊരി വീണിരുന്നു.
ആദ്യ പകുതിയില്‍ വിനീഷ്യസ് ജൂനിയറും മാര്‍ട്ടിനെല്ലിയും കുന്യയുമെല്ലാം നോര്‍വെ ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ ബ്രസീലിന് വിനയായി. ഒന്നാം പകുതി ഗോള്‍രഹിതമായി പിരിഞ്ഞതോടെ രണ്ടാം പകുതിയില്‍ ബ്രസീല്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി സൂപ്പര്‍ താരം നെയ്മറും വണ്ടര്‍ കിഡ് എന്‍ഡ്രിക്കും കളത്തിലേക്കിറങ്ങി. എന്നാല്‍ ബ്രസീലിന്റെ കളി ശൈലിയില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഈ മാറ്റങ്ങള്‍ക്കായില്ല. 59-ാം മിനിറ്റില്‍ വിനീഷ്യസ് വെള്ളിത്താലത്തില്‍ വെച്ചുനല്‍കിയ ഒരു സുവര്‍ണാവസരം എന്‍ഡ്രിക് പുറത്തേക്ക് അടിച്ചുകളഞ്ഞത് ബ്രസീല്‍ ക്യാമ്പിലെ അനാസ്ഥയുടെ തെളിവായി. ബ്രസീല്‍ താരങ്ങള്‍ അവസരങ്ങള്‍ പാഴാക്കി മുന്നേറവെയാണ് 79-ാം മിനിറ്റില്‍ നോര്‍വെയുടെ ആദ്യ പ്രഹരമേല്‍ക്കുന്നത്. ആന്ദ്രേസ് ഷില്‍ഡെറപ്പ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ മനോഹരമായ ക്രോസ്, ബ്രസീല്‍ പ്രതിരോധ താരം ഗബ്രിയേലിനെക്കാള്‍ ഉയരത്തില്‍ ചാടി എര്‍ലിങ് ഹാളണ്ട് ഹെഡറിലൂടെ ബ്രസീല്‍ വലയിലെത്തിച്ചു. ബ്രസീല്‍ ഗോളി അലിസണെ കാഴ്ചക്കാരനാക്കി പന്ത് വലതുളച്ചുകയറിയപ്പോള്‍ ന്യൂജേഴ്‌സി സ്റ്റേഡിയം സ്തംഭിച്ചുപോയി.
എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല ബ്രസീലിന്റെ ദുരന്തം. സമനിലയ്ക്കായി ബ്രസീല്‍ തത്രപ്പെടുന്നതിനിടെ 90-ാം മിനിറ്റില്‍ ഹാളണ്ട് വീണ്ടും അവതരിച്ചു. ബോക്‌സിന് പുറത്ത് കൃത്യമായ പൊസിഷനില്‍ നിലയുറപ്പിച്ച ഹാളണ്ടിന് ഇത്തവണയും അസിസ്റ്റ് നല്‍കിയത് ഷില്‍ഡെറപ്പായിരുന്നു. പന്ത് ഒറ്റ ടച്ചില്‍ നിയന്ത്രിച്ച ഹാളണ്ട്, അലിസണ് യാതൊരു അവസരവും നല്‍കാതെ ഒരു കിടിലന്‍ ഇടംകാലന്‍ ഷോട്ടുതിര്‍ത്തു. പന്ത് നേരെ ബ്രസീലിന്റെ വലയിലേക്ക്. സ്‌കോര്‍ 2-0! നോര്‍വെ ചരിത്ര വിജയത്തിലേക്ക് കുതിച്ച നിമിഷം.
കളിയുടെ ഇന്‍ജുറി ടൈമില്‍ കാസെമിറോയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായി മറ്റൊരു പെനാല്‍റ്റി കൂടി ലഭിച്ചു. കിക്കെടുത്ത നെയ്മറിന് ഒട്ടും പിഴച്ചില്ല. പന്ത് വലയിലെത്തിച്ച് നെയ്മര്‍ ഒരു ഗോള്‍ മടക്കിയെങ്കിലും ആഘോഷങ്ങളിലൊന്നും ഒരു ജീവനുണ്ടായിരുന്നില്ല. ഒരുപക്ഷേ നെയ്മറുടെ കരിയറിലെ അവസാന ലോകകപ്പ് ഗോള്‍ ആയിരിക്കാം ഇതെന്ന വിതുമ്പലോടെയാണ് കാനറി ആരാധകര്‍ ആ കാഴ്ച കണ്ടുനിന്നത്. തൊട്ടുപിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ അഞ്ച് വട്ടത്തെ ലോക ചാമ്പ്യന്മാര്‍ കണ്ണീരോടെ ടൂര്‍ണമെന്റിന് പുറത്തേക്ക്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സിനോട് വന്‍ തോല്‍വി വഴങ്ങിയിട്ടും, പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് തന്ത്രപരമായ നീക്കം നടത്തിയ നോര്‍വെ കോച്ച് സ്റ്റാലെ സോല്‍ബാക്കന്റെ തന്ത്രങ്ങളാണ് നോര്‍വെയെ ഈ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടോ മെക്‌സിക്കോയോ ആയിരിക്കും നോര്‍വെയുടെ എതിരാളികള്‍. എന്തായാലും കാനറിപ്പടയുടെ ഈ അപ്രതീക്ഷിത പതനം ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
