June 23, 2026

ഫോട്ടോ എടുക്കുന്നതിനിടെ കടലില്‍ വീണ് വയനാട് സ്വദേശിയെ കാണാതായി

Share

 

വിഴിഞ്ഞത്ത് സുഹ്യത്തുക്കൊള്‍ക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച്‌ കടലില്‍ വീണ വയനാട് സ്വദേശിയായ യുവാവിനെ കാണാതായി. മറ്റൊരുയുവാവും തിരയില്‍പ്പെട്ടുവെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പളളി ആറാട്ടുതറ നന്ദനം വീട്ടില്‍ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ എ.എസ് ശ്രീജിത്തിനെ (28) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.

 

ശ്രീജിത്തിനൊപ്പം തിരയില്‍ മുങ്ങിപ്പോയ വിജയ് പാറയില്‍ പിടിച്ചുകിടന്നശേഷം രക്ഷപ്പെടുകയായിരുന്നു. നേമം വിദ്യാധിരാജ ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം എം ഡിക്ക് പഠിക്കാനുളള തയ്യാറെടുപ്പിലായിരുന്നു ശ്രീജിത്ത്. ശ്രീജിത്തും വിജയും ഉള്‍പ്പെട്ട അഞ്ചുപേരാണ് ബൊളളാര്‍ഡിന് താഴെയുളള പാറപ്പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്തത്. ഈ സമയത്തുണ്ടായ ശക്തമായ തിര ഇവര്‍ നിന്നിരുന്ന പാറയിലേക്ക് അടിച്ചുകയറിപ്പോള്‍ നിലതെറ്റി ശ്രീജിത്തും വിജയും അപകടത്തില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളിക്കേട്ടാണ് നാട്ടുകാരായ ചിപ്പി തൊഴിലാളികളും ബൊളളാര്‍ഡിന് സമീപം പിക്കറ്റിലുളള കോസ്റ്റല്‍ പോലിസിലെ ഉദ്യോഗസ്ഥരും എത്തിയത്. തുടര്‍ന്ന് കടലില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

 

തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരായ ചിപ്പി തൊഴിലാളികളെ വിളിച്ച്‌ തിരച്ചില്‍ നടത്തി. വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ സുരേഷ് കുറുപ്പിന്റെയും നേത്യത്വത്തില്‍ കോസ്റ്റുഗാര്‍ഡിന്റെ ചെറുകപ്പലും വിഴിഞ്ഞം കോസ്റ്റല്‍ പോലിസ് എസ്.ഐ. എസ്. ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബോട്ടും ഉപയോഗിച്ച്‌ കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അഭിജിത്താണ് ശ്രീജിത്തിന്റെ ഏകസഹോദരന്‍. ആളെ കാണാതായതിന് വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു.

 


Share
Copyright © All rights reserved. | Newsphere by AF themes.