ഫോണ്‍പെ ഉണ്ടോ …? അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാതിരിക്കാൻ ഉടൻ ഇത് ചെയ്യൂ!
ബംഗളൂരു : ഡിജിറ്റല്‍ പേയ്‌മെന്റ് സേവന കമ്പനിയായ ഫോണ്‍പെ തങ്ങളുടെ വാലറ്റ് പോളിസി പരിഷ്‌കരിച്ചു. ഒരു വർഷത്തിലേറെയായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താത്ത വാലറ്റുകള്‍ക്ക് ഇനി മുതല്‍ ക്വാർട്ടർലി ഇൻആക്ടിവിറ്റി ഫീസ് ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം.
പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച് തുടർച്ചയായി 365 ദിവസം ഒരൊറ്റ ഇടപാട് പോലും നടത്താത്ത വാലറ്റുകളെ ഇൻആക്ടിവിറ്റ് ആയി കണക്കാക്കുകയും, അവയില്‍ നിന്ന് ജി എസ് ടി ഉള്‍പ്പെടെ 100 രൂപ വീതം ഓരോ ക്വാർട്ടറിലും മെയിന്റനൻസ് ഫീസായി ഈടാക്കുകയും ചെയ്യും.
തുടർച്ചയായ പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകള്‍, ഫിക്സുകള്‍, മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ ഫീസ് ഈടാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആപ്ലിക്കേഷനില്‍ ലോഗിൻ ചെയ്യുന്നത് കൊണ്ടോ, യു പി ഐ ഇടപാടുകള്‍ നടത്തുന്നത് കൊണ്ടോ, മറ്റ് നോണ്‍ വാലറ്റ് പേയ്‌മെന്റുകള്‍ നടത്തുന്നത് കൊണ്ടോ വാലറ്റ് ആക്ടീവ് ആയി നിലനില്‍ക്കില്ല. വാലറ്റ് വഴി തന്നെ സാമ്പത്തിക ഇടപാടുകള്‍ നടത്തണം.
ഒരു വാലറ്റ് ഇൻആക്ടിവിറ്റി ഫീസിലേക്ക് കടക്കുന്നതിന് മുൻപ് ഉപയോക്താവിന് 15 ദിവസത്തെ നോട്ടീസ് കാലാവധി ലഭിക്കും. ഈ സമയത്തിനുള്ളില്‍ ഒന്നിലധികം തവണ കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കുകയും വാലറ്റ് വീണ്ടും ആക്ടിവേറ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ 15 ദിവസത്തെ ഗ്രേസ് പിരീഡിനുള്ളില്‍ വാലറ്റ് ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് പൂർത്തിയാക്കിയാല്‍ വാലറ്റ് സ്റ്റാറ്റസ് ‘Active’ ആയി മാറുകയും ഫീസ് ഒഴിവാകുകയും ചെയ്യും. നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ മാത്രമാണ് ഫീസ് ഈടാക്കുക.
വാലറ്റിലുള്ള ബാലൻസ് തുകയില്‍ നിന്നാണ് ഫീസ് കുറയ്ക്കുക. വാലറ്റിലെ ബാലൻസ് തുക നിർദ്ദിഷ്ട ചാർജിനേക്കാള്‍ കുറവാണെങ്കില്‍, വാലറ്റിലുള്ള മുഴുവൻ തുകയും ഡെബിറ്റ് ചെയ്യപ്പെടുകയും ബാലൻസ് പൂജ്യം ആകുകയും ചെയ്യും. എന്നാല്‍ വാലറ്റ് ബാലൻസ് ഒരിക്കലും നെഗറ്റീവ് ആകില്ലെന്നും ഫോണ്‍പെ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് മൊബിക്വിക്, എയർടെല്‍ പേയ്‌മെന്റ്സ് ബാങ്ക് തുടങ്ങിയ മറ്റ് ഫിൻടെക് കമ്പനികളും സമാനമായ രീതിയില്‍ ഇൻആക്ടിവിറ്റി ചാർജുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
