സെൻസസ് സെൽഫ് എന്യുമറേഷൻ നാളെ മുതൽ : വീട്ടിലിരുന്ന് മിനിറ്റുകൾ കൊണ്ട് നടപടികൾ പൂർത്തിയാക്കാം
കൽപ്പറ്റ : ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ നടപടികൾക്ക് നാളെ (ചൊവ്വാഴ്ച) തുടക്കമാവും. ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ നൽകാൻ കഴിയുന്ന സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ഇത് നിർബന്ധമല്ലെങ്കിലും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിന് പുറമെ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത.
ചരിത്രത്തിൽ ആദ്യമായി ഇത്തവണ പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് സെൻസസ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുമ്പ് രണ്ടാഴ്ചത്തെ സമയമാണ് പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യുമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ നമുക്ക് സൗകര്യപ്രദമായ ഏത് ഭാഷയും തെരഞ്ഞെടുക്കുകയും ചെയ്യാം. സെൽഫ് എന്യുമറേഷനുള്ള അവസരം ഈ മാസം 31ന് അവസാനിക്കും.
https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങൾ നൽകേണ്ടട്. ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നൽകണം. ഒപ്പം മൊബൈൽ ഫോൺ നമ്പറും വേണം. ഒരും മൊബൈൽ ഫോൺ നമ്പർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലവിൽക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടർന്നാണ് സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.
ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണ് ചോദ്യങ്ങളിലുള്ളത്.
വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമർപ്പിക്കാം. അതിന് ശേഷം പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൻഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. എച്ച് എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐ.ഡി എസ്.എം.എസ് ആയും ഇ-മെയിലായുമൊക്കെ ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഈ ഐ.ഡി അവർക്ക് നൽകിയാൽ മതിയാവും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ വിവരങ്ങളിൽ മാറ്റങ്ങള്‍ വരുത്താം.
