ബിഎസ്‌എൻഎല്ലില്‍ ജോലി ; 2,25,000 രൂപ വരെ ശമ്പളം, ജൂണ്‍ 24 വരെ അപേക്ഷിക്കാം
ബിഎസ്‌എൻഎല്‍ ജനറല്‍ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ജൂണ്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. ആകെ 15 ഒഴിവുകളാണുള്ളത്. ഫിനാൻസ്, അക്കൗണ്ട്സ് വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 50 വയസ്സാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ അറിയാം
യോഗ്യത
സിഎ, സിഎംഎ, എംബിഎ (ഫിനാൻസ്) അല്ലെങ്കില്‍ ഫിനാൻസുമായി ബന്ധപ്പെട്ട പി.ജി ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. ഫിനാൻസ്, അക്കൗണ്ട്സ് മേഖലയിലെ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഇതില്‍ അഞ്ച് വർഷമെങ്കിലും സീനിയർ മാനേജർ തസ്തികയിലോ അതിന് മുകളിലോ ജോലി ചെയ്തിരിക്കണം.
ലിസ്റ്റഡ് കമ്പനികളില്‍ പ്രവർത്തിച്ച പരിചയവും ആവശ്യമാണ്. അപേക്ഷകർ ജോലി ചെയ്ത സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ് 3,000 കോടി രൂപയില്‍ കൂടുതലായിരിക്കണം. ഇത് തെളിയിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.
അപേക്ഷകള്‍ പരിശോധിച്ച ശേഷം യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് അഭിമുഖം നടത്തും. അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും അന്തിമ നിയമനം.
ശമ്പളവും ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2,25,000 രൂപ ശമ്പളം ലഭിക്കും. വർഷത്തില്‍ അഞ്ച് ശതമാനം ശമ്പള വർധനയും ലഭിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനവും ടെലിഫോണ്‍ കണക്ഷനും അനുവദിക്കും.
എന്നാല്‍ ഡി.എ, പെൻഷൻ, മെഡിക്കല്‍ പരിരക്ഷ, താമസസൗകര്യം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. നിലവിലെ ജോലിയിലെ ശമ്പള സംരക്ഷണവും ഈ നിയമനത്തിന് ബാധകമല്ല. BSNL നിശ്ചയിച്ചിട്ടുള്ള മറ്റ് വ്യവസ്ഥകള്‍ പ്രകാരമായിരിക്കും സേവന ആനുകൂല്യങ്ങള്‍.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ BSNL-ന്റെ ഔദ്യോഗിക വെബ്സൈറ്റായ bsnl.co.in സന്ദർശിച്ച് കരിയർ വിഭാഗത്തിലൂടെ അപേക്ഷ സമർപ്പിക്കണം. ജൂണ്‍ 24 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കുന്നതും നല്ലതാണ്.
