June 14, 2026

എല്‍നിനോ പ്രതിഭാസം ; സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായേക്കും : ഇന്ന് 4 ജില്ലകളില്‍ മാത്രം യെല്ലോ അലേര്‍ട്ട്!

Share

 

തിരുവനന്തപുരം : പസഫിക്ക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നത് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കാലവര്‍ഷം കൂടുതല്‍ ദുര്‍ബലമായേക്കുമെന്ന് റിപോര്‍ട്ട്.

 

ഇന്ത്യയ്ക്കുപുറമേ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മണ്‍സൂണുകളേയും ബാധിക്കും. സമുദ്രാന്തരീക്ഷ വ്യവസ്ഥകളിലും മാറ്റം പ്രകടമായി തുടങ്ങിയതായി വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ വ്യക്തമാക്കി.

 

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്.

 

മറ്റ് ജില്ലകളില്‍ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പസഫിക്ക് സമുദ്രം അമിതമായി ചൂടുപിടിക്കുന്ന പ്രതിഭാസമായ എല്‍നിനോ ലോക കാലാവസ്ഥാ വ്യവസ്ഥയെത്തന്നെ സ്വാധീനിക്കും. ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് എല്‍നിനോ ശക്തിപ്പെടുന്നത് ആശങ്കയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കാണുന്നത്.

മുന്‍കാലങ്ങളില്‍ ഈ പ്രതിഭാസം മണ്‍സൂണ്‍ മഴയുടെ അളവിനെ സ്വാധീനിക്കുകയും വരള്‍ച്ചയ്ക്കു സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള എല്‍നിനോ കൂടുതല്‍ ശക്തിപ്രാപിച്ച്‌ സൂപ്പര്‍ എല്‍നിനോ ആകാനുള്ള സാധ്യതയും അമേരിക്കന്‍ കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നോട്ടുവയ്ക്കുന്നു. കേരളത്തിലെ കാലവര്‍ഷക്കുറവ് കാര്‍ഷിമേഖലയെ ഗുരുതരമായി ബാധിക്കും. വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ലഭ്യതയിലും പ്രതിസന്ധി സൃഷ്ടിക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭിക്കേണ്ട മഴയില്‍ വലിയ ഇടവേളകള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.