ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി ; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു
ഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക് ഒടുവില്‍ ശുഭപര്യവസായം. വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം ‘സീ എന്റര്‍ടൈന്‍മെന്റ്’ (Zee Entertainment) സ്വന്തമാക്കി. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ഇതോടെ ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ എവിടെ കാണാമെന്ന ആശയക്കുഴപ്പത്തിനാണ് അറുതിയായത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂണ്‍ 11-ന് ആരംഭിക്കാന്‍ വെറും 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നാടകീയ പ്രഖ്യാപനം.
ഫിഫയും ഇന്ത്യയിലെ മുന്‍നിര ചാനലുകളും തമ്മിലുള്ള ചര്‍ച്ചകള്‍ നീണ്ടുപോയതിനെ തുടര്‍ന്ന്, ലോകകപ്പിന് സംപ്രേഷകരില്ലാത്ത അവസാനത്തെ പ്രധാന വിപണിയായി ഇന്ത്യ മാറുമെന്ന ഭീതിയിലായിരുന്നു ആരാധകര്‍. പുതിയ കരാര്‍ പ്രകാരം 2026 ലോകകപ്പ് കൂടാതെ 2034 വരെയുള്ള ഫിഫയുടെ മറ്റ് 38 രാജ്യാന്തര ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശവും സീ എന്റര്‍ടൈന്‍മെന്റിനാണ്. കരാറിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും 2026, 2030 ലോകകപ്പുകള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ പാക്കേജിനായി ഫിഫ ആദ്യം 100 മില്യണ്‍ യുഎസ് ഡോളറാണ് ആവശ്യപ്പെട്ടിരുന്നതെന്നും പിന്നീട് അത് 60 മില്യണ്‍ ഡോളറായി കുറച്ചുവെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിലയന്‍സ്-ഡിസ്നി കൂട്ടുകെട്ടിന്റെ ഇന്ത്യയിലെ മുന്‍നിര സ്‌പോര്‍ട്‌സ് ശൃംഖലയായ ‘ജിയോസ്റ്റാര്‍’ (മുന്‍പ് വയാകോം18 വഴി 2022 ലോകകപ്പ് സംപ്രേഷണം ചെയ്തവര്‍) അവകാശത്തിനായി 20 മില്യണ്‍ ഡോളറോളം വാഗ്ദാനം ചെയ്‌തെങ്കിലും ഫിഫ ഇത് നിരസിക്കുകയായിരുന്നു. 2014, 2018 ലോകകപ്പുകള്‍ സംപ്രേഷണം ചെയ്ത സോണി ഗ്രൂപ്പും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒടുവില്‍ ലേലത്തില്‍ നിന്ന് പിന്മാറി. ഒടുവിലാണ് വമ്പന്‍ തുകയുമായി സീ രംഗത്തെത്തിയതും ഫിഫയുമായി കരാറിലെത്തിയതും. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ലോകകപ്പ് കാണാന്‍ ഇതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങും.
കൂടാതെ ലോകകപ്പ് സംപ്രേഷണത്തിന് മുന്നോടിയായി തങ്ങളുടെ കായിക വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് പുതിയ സ്‌പോര്‍ട്‌സ് ചാനലുകളും സീ പ്രഖ്യാപിച്ചു. Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD എന്നിവയാണ് പുതിയ ചാനലുകള്‍. അടുത്ത എട്ട് വര്‍ഷത്തേക്ക് ഫിഫയുടെ വമ്പന്‍ ടൂര്‍ണമെന്റുകള്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് മികച്ച ദൃശ്യഭംഗിയോടെ എത്തിക്കാനാണ് പുതിയ ചാനലുകള്‍ ആരംഭിക്കുന്നതെന്ന് സീ വ്യക്തമാക്കി.
കായിക രംഗത്തേക്ക് ചുവടുവെക്കുന്ന സീ ഗ്രൂപ്പിന് ആഗോള ഫുട്‌ബോളിലെ ഏറ്റവും വലിയ മേള തന്നെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഫുട്‌ബോളിലെ ഈ മഹാമാമാങ്കം ഇന്ത്യന്‍ ജനതയ്‌ക്ക് നഷ്ടമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
