നയിക്കാന്‍ മെസി; ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന
ലോകം കീഴടക്കാന്‍ മെസി ഒരിക്കല്‍ കൂടി കളത്തില്‍. ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്റീന ടീമിനെ ലയണല്‍ മെസ്സി നയിക്കും. ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള സമയപരിധിയുടെ അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചത്. 2022ല്‍ ജയിച്ച ടീമിലെ 17 പേരെ ടീമില്‍ ഉള്‍പ്പെടുത്തി.
ഖത്തര്‍ ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട എമിലിയാനോ മാര്‍ട്ടിനെസും പ്രതിരോധക്കാരായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസും ക്രിസ്റ്റ്യന്‍ റൊമേറോയെയും ടീമിലുണ്ട്. ഇവരെ കൂടാതെ അലക്സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനന്‍ ടീമില്‍ ഉള്‍പ്പെട്ട ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍. പൗലോ ഡിബാല, മാര്‍കസ് അക്യൂന എന്നിവരെ ഒഴിവാക്കി. 2024ലെ കോപ്പ അമേരിക്കയ്ക്ക് പിന്നാലെ വിരമിച്ച ഏയ്ഞ്ചല്‍ ഡി മരിയയും ടീമിലില്ല.
തന്റെ കരിയറിലെ ആറാം ലോകകപ്പിനാണ് മെസ്സി ഇറങ്ങുന്നത്. 26 മത്സരങ്ങള്‍ കളിച്ച മെസ്സിയുടെ പേരിലാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ്. മെസ്സിയെ കൂടാതെ ആറു ലോകകപ്പ് കളിച്ച ഏകതാരം പോര്‍ച്ചുഗല്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. തിങ്കളാഴ്ച മേജര്‍ സോക്കര്‍ ലീഗിലെ മത്സരത്തിനിടെ ഇന്റര്‍ മയാമിക്കായി കളിച്ച െമസ്സിയെ മത്സരത്തിനിടെ പിന്‍വലിച്ചിരുന്നു. ഇതോടെ മെസ്സിക്ക് പരുക്കേറ്റതായി ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ താരത്തിന് പരുക്കുകളൊന്നുമില്ലെന്നും പേശി വലിവു കാരണമാണ് സബ്സ്റ്റിറ്റിയൂട്ട് ചെയ്തതെന്നും ക്ലബ് വ്യക്തമാക്കി.
ജൂണ്‍ 11 മുതല്‍ യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ്. ലോകകപ്പില്‍ ഗ്രൂപ്പ് ജെയിലാണ് അര്‍ജന്റീന ഉള്‍പ്പെട്ടിരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ജൂണ്‍ 16ന് അള്‍ജീരിയയ്ക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.
ഗോള്‍ കീപ്പര്‍:
ഹുവാന്‍ മുസ്സോ, ജെറോണിമോ റുള്ളി, എമിലിയാനോ മാര്‍ട്ടിനെസ്
പ്രതിരോധനിര: ലിയോനാര്‍ഡോ ബലേര്‍ഡി, നിക്കോളാസ് താഗ്ലിയാഫിക്കോ, ഗോണ്‍സാലോ മോണ്ടിയേല്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫകുണ്ടോ മെദിന, നഹുവല്‍ മോളിന.
മധ്യനിര: ലിയാന്‍ഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോള്‍, വലന്റീന്‍ ബാര്‍ക്കോ, ജിയോവാനി ലോ സെല്‍സോ, എസെക്വല്‍ പാലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്.
മുന്നേറ്റനിര: യൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി, നിക്കോ പാസ്, ഹൊസെ മാനുവല്‍ ലോപ്പസ്, ലൗട്ടാരോ മാര്‍ട്ടിനെസ്.
