അമൃതം പൊടിയിലെ പഞ്ചസാര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും : അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ നിര്‍ദ്ദേശം നല്കി വനിത-ശിശുവികസന വകുപ്പ്
അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് വനിത-ശിശുവികസന വകുപ്പ്.
ഇത്രയും പഞ്ചസാര കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നല്കി. ഇതേതുടർന്ന് അങ്കണവാടികള്‍ വഴിയുള്ള പോഷകാഹാര വിതരണത്തില്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്.
45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്സ് എന്നിവയാണ് 20 ശതമാനം പഞ്ചസാരയ്ക്കു പുറമേ അമൃതം പൊടിയില്‍ അടങ്ങിയിരിക്കുന്നത്. ആറുമാസം മുതല്‍ മൂന്നു വയസ്സു വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് അമൃതം പൊടി നല്‍കുന്നത്. ഒരു ദിവസം 135 ഗ്രാം എന്ന കണക്കിലാണ് കുട്ടികള്‍ക്ക് ഇത് നല്‍കേണ്ടത്. 135 ഗ്രാം കഴിക്കുന്ന കുട്ടിയുടെ ഉള്ളില്‍ 27 ഗ്രാം പഞ്ചസാര എത്തും. ആറുമാസം പ്രായമുള്ള കുട്ടിക്കും ഇത്രയും പഞ്ചസാര നല്കുന്നതില് മാറ്റം വേണമെന്ന നിർദേശമുണ്ട്. പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാമെന്നാണ് വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. കുഞ്ഞുപ്രായത്തില്‍ തന്നെ പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ വളർന്നുവരുമ്പോള്‍ ഐസ്ക്രീം പോലെയുള്ള മധുരവസ്തുക്കളുടെ അമിത ആസക്തിയിലേക്ക് നയിക്കുമെന്നും വകുപ്പ് വിലയിരുത്തുന്നുണ്ട്. കേരള വനിത-ശിശുവികസന വകുപ്പ് കുടുംബശ്രീ വഴിയാണ് ഇത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്.
