രാജസ്ഥാന് ഹാട്രിക് തോല്‍വി !! ഡിസിക്കു അഞ്ചു വിക്കറ്റിന്റെ ആവേശ ജയം
ഡല്‍ഹി : മിന്നും കുതിപ്പിനൊടുവില്‍ ഇപ്പോള്‍ കിതയ്ക്കുന്ന പഞ്ചാബ് കിങ്‌സിനെ പോലെ രാജസ്ഥാന്‍ റോയല്‍സിനും പതിയെ താളം തെറ്റുകയാണ്. സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്കു വീണിരിക്കുകയാണ് റിയാന്‍ പരാഗും സംഘവും.
പോയിന്റ് പട്ടികയില്‍ എട്ടാമതുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് അഞ്ചാംസ്ഥാനക്കാരായ റോയല്‍സ് തോല്‍വി രുചിച്ചത്. ഹോംഗ്രൗണ്ടായ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ അഞ്ചു വിക്കറ്റിന്റെ ആവേശ വിജയമാണ് അക്ഷര്‍ പട്ടേലും സംഘവും സ്വന്തമാക്കിയത്.
ജയിച്ചെങ്കിലും ഡിസിയുടെ പ്ലേഓഫ് സാധ്യതകള്‍ കുറവാണെന്നു തന്നെ പറയാം. കാരണം ഒരു കളി ശേഷിക്കെ 12 പോയിന്റ് മാത്രമേ അവരുടെ അക്കൗണ്ടിലുള്ളൂ.
194 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡിസിക്കു റോയല്‍സ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ കെഎല്‍ രാഹുല്‍- അഭിഷേക് പൊറേല്‍ ജോടി 61 ബോളില്‍ 105 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ ഡിസി വിജയത്തിന് അടിത്തറ പാകിയിരുന്നു.
രാഹുല്‍ 56ഉം പൊറേല്‍ 51ഉം റണ്‍സിനു പുറത്തായ ശേഷം ചെറുതായി പതറിയെങ്കിലും നായകന്‍ അക്ഷര്‍ (18 ബോളില്‍ 34*), അശുതോഷ് ശര്‍മ (5 ബോളില്‍ 18*) എന്നിവര്‍ ടീമിന്റെ ജയം പൂര്‍ത്തിയാക്കി.
നാലു ബോള്‍ ശേഷിക്കെ അഞ്ചു വിക്കറ്റിനാണ് ഡിസി ജയിച്ചുകയറിയത്. 42 ബോളില്‍ മൂന്നു സിക്‌സും ഒരു ഫോറും രാഹുല്‍ നേടിയപ്പോള്‍ പൊറേല്‍ 31 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സുമടിച്ചു.
റോയല്‍സിനെ പിടിച്ചുകെട്ടി
ആദ്യം ബാറ്റിങിന്ന അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനു 193 റണ്‍സില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പിടിച്ചുകെട്ടുകയായിരുന്നു. ധ്രുവ് ജുറേല്‍( (53), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (51) എന്നിവരുടെ ഫിഫ്റ്റികള്‍ക്കൊപ്പം വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയുടെ (46) വെടിക്കെട്ടുമാണ് റോയല്‍സിനു കരുത്തായത്.
40 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സസറുമുള്‍പ്പെട്ടതാണ് ജുറേലിന്റെ ഇന്നിങ്‌സ്. പരാഗ് 26 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ഫോറുമടിച്ചു. വൈഭവാകട്ടെ തന്റെ പതിവു അറ്റാക്കിങ് ശൈലിയില്‍ തന്നെയാണ് ഈ മാച്ചിലും ബാറ്റ് വീശിയത്. 21 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും 15കാരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഒരു ഘട്ടത്തില്‍ റോയല്‍സ് ഉറപ്പായും 200ന് മുകളില്‍ ടോട്ടല്‍ അടിച്ചെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. കാരണം 10 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ 105 റണ്‍സെടുത്തിരുന്നു. പക്ഷെ അടുത്ത 60 ബോളില്‍ വെറും 89 റണ്‍സ് മാത്രമേ ആര്‍ആറിനു ലഭിച്ചുള്ളൂ. ഇതിനിടെ ആറു വിക്കറ്റുകള്‍ കൂടി നഷ്ടമാവുകയും ചെയ്തു.
പവര്‍പ്ലേയില്‍ 12.5 റണ്‍റേറ്റില്‍ ഒരു വിക്കറ്റിന് 75 റണ്‍ന് റോയല്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീടുള്ള ഓരോ ഘട്ടത്തിലും അവരുടെ റണ്‍റേറ്റ് കുറഞ്ഞുകൊണ്ടിരുന്നു. അവസാനത്തെ അഞ്ചോവറായിരുന്നു ഏറ്റവും പരിതാപകരം.
5.5 റണ്‍റേറ്റില്‍ 33 റണ്‍സ് മാത്രമേ 30 ബോളില്‍ റോയല്‍സിനു നേടാനായുള്ളൂ. ആറു വിക്കറ്റും കളഞ്ഞു കുളിച്ചു. ഇതാണ റോല്‍സിന്റെ ടോട്ടല്‍ 200ല്‍ താഴെ ഒതുക്കിയത്. നാലു വിക്കറ്റെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കാണ് റോയല്‍സിനെ തകര്‍ത്തത്. ലുംഗി എന്‍ഗിഡിയും മാധവ് തിവാരിയും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തേ ടോസിനു ശേഷം ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായികുന്നു. ഈ സീസണില്‍ രണ്ടാംതവണയാണ് ഡിസിയും റോയല്‍സും കൊമ്പുകോര്‍ത്തത്. ആദ്യപാദത്തില്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു വീഴ്ത്താന്‍ ഡിസിക്കായിരുന്നു.
പ്ലെയിങ് 11
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോറെല്‍, സാഹില്‍ പരാഖ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), മാധവ് തിവാരി, ത്രിപുരാന വിജയ്, ലുങ്കി എന്‍ഗിഡി, മിച്ചെല്‍ സ്റ്റാര്‍ക്ക്, മുകേഷ് കുമാര്‍.
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), രവി സിംഗ്, ഡൊണോവന്‍ ഫെരേര, ശുഭം ദുബെ, ജോഫ്ര ആര്‍ച്ചര്‍, ആദം മില്‍നെ, ബ്രിജേഷ് ശര്‍മ, യാഷ് രാജ് പുഞ്ച.
