May 17, 2026

പഞ്ചാബിനെ 23 റണ്‍സിന് തകര്‍ത്ത് ആര്‍സിബി ; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബംഗളൂരു

Share

 

ബംഗളൂരു : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ 23 റണ്‍സിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റോടെയാണ് ആർസിബി പ്ലേ ഓഫ് ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

 

ആദ്യ ആറ് കളികള്‍ ജയിച്ച ശേഷം തുടർച്ചയായി ആറ് കളികള്‍ തോറ്റ പഞ്ചാബ് നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.

മാച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് വേണ്ടി വെങ്കിടേഷ് അയ്യര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 40 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. വിരാട് കോഹ്ലി അര്‍ധ സെഞ്ചുറി നേടി. 37 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. ദേവ്ദത്ത് പടിക്കല്‍ (45), ടിം ഡേവിഡ് (28) എന്നിവരും തിളങ്ങി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു. യൂസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റെടുത്തു.

223 റണ്‍സിന്റെ വലിയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് തുടക്കത്തില്‍ തന്നെ വൻ തിരിച്ചടിയാണ് നേരിട്ടത്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള പ്രിയാൻഷ് ആര്യ റണ്ണൊന്നുമെടുക്കാതെ പുറത്തായി. തൊട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാൻ സിംഗിനെയും ഭുവി മടക്കി. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ റാസിക് സലാം കൂടി പുറത്താക്കിയതോടെ പഞ്ചാബ് 19 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു. തുടർന്ന് കൂപ്പർ കൊണോളിയും സൂര്യാൻഷ് ഷെഡ്ഗെയും ചേർന്ന് 37-ഉം 35-ഉം റണ്‍സുകള്‍ വീതമെടുത്ത് പഞ്ചാബിന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും റൊമാരിയോ ഷെപ്പേർഡും സുയാഷ് ശർമയും ചേർന്ന് അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി.

 

പിന്നീട് ക്രീസിലൊന്നിച്ച ശശാങ്ക് സിംഗും മാർക്കസ് സ്റ്റോയ്നിസും ചേർന്ന് തകർപ്പൻ പോരാട്ടമാണ് കാഴ്ചവെച്ചത്. തകർപ്പൻ അടികളോടെ 22 പന്തില്‍ അർധസെഞ്ചുറി തികച്ച ശശാങ്ക് സിംഗ് 27 പന്തില്‍ 56 റണ്‍സെടുത്ത് പഞ്ചാബിന്റെ ടോപ് സ്കോററായി. 25 പന്തില്‍ 37 റണ്‍സെടുത്ത സ്റ്റോയ്നിസിനെ പതിനേഴാം ഓവറില്‍ ഹേസല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതാണ് പഞ്ചാബിന് വലിയ തിരിച്ചടിയായത്. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹേസല്‍വുഡും റാസിക് സലാമും ആർസിബിയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. ആർസിബിക്കായി റാസിക് സലാം മൂന്നും ഭുവനേശ്വർ കുമാർ രണ്ടും വിക്കറ്റെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.