രാജ്യത്ത് 48 മണിക്കൂറിനിടെ സിഎൻജി വില വീണ്ടും കൂട്ടി
ഡല്‍ഹി : 48 മണിക്കൂറിനിടെ സിഎൻജി വില വീണ്ടും കൂട്ടി. ഡല്‍ഹിയില്‍ കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. ആയിരക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികളെ വിലവർദ്ധന പ്രതികൂലമായി ബാധിക്കും. പെട്രോള്‍, ഡീസല്‍ വിലയ്ക്കൊപ്പം സി എൻ ജിയുടെ വിലയും കഴിഞ്ഞദിവസം രാജ്യവ്യാപകമായി കൂട്ടിയിരുന്നു. മേയ് 15ന് കമ്പനികള്‍ സിഎൻജി കിലോയ്ക്ക് രണ്ടുരൂപ വർദ്ധിപ്പിച്ചിരുന്നു.
നിലവില്‍ ഡല്‍ഹിയില്‍ സിഎൻജി വില കിലോയ്ക്ക് 80.09 രൂപയായി. നോയിഡയിലും ഗാസിയാബാദിലും വില 88.70 രൂപയായി ഉയർന്നു. ഇക്കഴിഞ്ഞ 15ാം തീയതി പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് മൂന്നുരൂപ വീതം പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. പെട്രോള്‍, ഡീസല്‍ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു വിലകൂട്ടല്‍. നാലുവർഷത്തിനിടെ ആദ്യമായാണ് എണ്ണവില വർദ്ധിപ്പിച്ചത്. വില ഉയർത്തണമെന്ന് എണ്ണക്കമ്പനികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിമയസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണ് വർദ്ധനവിന് കേന്ദ്രസർക്കാർ അനുമതി നല്‍കിയത്.
പശ്ചിമേഷ്യൻ യുദ്ധം പ്രതിസന്ധി രൂക്ഷമാക്കിയെന്നും വിലകൂടാതെ പറ്റാത്ത അവസ്ഥയിലാണെന്നുമാണ് കമ്പനികള്‍ പറഞ്ഞിരുന്നത്. രണ്ടുമാസത്തിലേറെയായി ക്രൂഡോയില്‍ വില ബാരലിന് നൂറുഡോളറിന് മുകളിലാണ്. പ്രതിദിനം 1,600 കോടി രൂപയുടെ നഷ്ടം സഹിച്ചാണ് കമ്പനികള്‍ എണ്ണവിറ്റിരുന്നത്. വില വർദ്ധന വരുത്തിയതോടെ ഇതില്‍ 5000 കോടിയുടെ കുറവുണ്ടാകും.
