May 9, 2026

തോല്‍വിക്കു കാരണം പിണറായി, മറ്റാരെങ്കിലും പ്രതിപക്ഷ നേതാവ് ആകണം : സിപിഎം അണികള്‍ ക്രോസ് വോട്ട് ചെയ്തു ; രൂക്ഷ വിമര്‍ശനം  

Share

 

കോട്ടയം : തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം പിണറായി വിജയന്‍, ഇനിയും പിണറായി തന്നെ നയിച്ചു മുന്നോട്ടു പോയാല്‍ കനത്ത തിരിച്ചടി ഉണ്ടാകും. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം.

 

പിണറായി തന്നെ നയിച്ചു മുന്നോട്ടു പോയാല്‍ ബംഗാളിനു സമാനമായ അവസ്ഥയിലേക്കു കേരളവും പോകും. ഇടത് മുന്നണിയിലെ മറ്റു പാര്‍ട്ടികളെയും ഇതു ബാധിക്കും. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകരുതെന്നും ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

 

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലേക്ക് എത്തിയ ശേഷം ആദ്യമായാണു കേരളാ കോണ്‍ഗ്രസില്‍ ഇത്രയും ശക്തമായ വികാരം ഉണ്ടാകുന്നത്. ഇക്കുറി കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച 12 സീറ്റില്‍ പന്ത്രണ്ടിടത്തും തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

 

പാലാ, പൂഞ്ഞാര്‍, ചങ്ങനാശേരി എന്നീ മണ്ഡലങ്ങളില്‍ സിപിഎം അണികളുടെ വോട്ടുകള്‍ കൃത്യമായി മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നും മറിച്ച് വോട്ടുകള്‍ മറ്റ് കക്ഷികളിലേക്ക് പോയെന്നും യോഗം വിലയിരുത്തി.

 

ഇടതുമുന്നണിയിലെ ഐക്യത്തിനു വിള്ളല്‍ വീഴ്ത്തുന്ന തരത്തിലുള്ള നീക്കങ്ങളാണ് സിപിഎം പ്രാദേശിക അണികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നു നേതാക്കള്‍ ആഞ്ഞടിച്ചു.

 

പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ പോലും വോട്ട് ചോര്‍ച്ച ഉണ്ടായതു വരും ദിവസങ്ങളില്‍ ഗൗരവമായി പരിശോധിക്കണമെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നു. സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായ ഈ വീഴ്ച വരും ദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെക്കും.

 

വോട്ടുകള്‍ ഏകോപിപ്പിക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വം പരാജയപ്പെട്ടുവെന്നും, മുന്നണി സംവിധാനത്തെ ഇതു ദോഷകരമായി ബാധിച്ചുവെന്നുമാണു കേരള കോണ്‍ഗ്രസ് (എം) നേതാക്കളുടെ പക്ഷം.

 

ഈ വിഷയം ഇടതുമുന്നണിയുടെ സംസ്ഥാന തലത്തിലുള്ള യോഗങ്ങളില്‍ ഗൗരവമായി ഉന്നയിക്കാനാണ് കേരള കോണ്‍ഗ്രസ് (എം) ലക്ഷ്യമിടുന്നത്.

 

 

 

തിരഞ്ഞെടുപ്പില്‍ സിപിഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ടിങ് നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി രംഗത്തെത്തി. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുന്നണി ബന്ധത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ വോട്ട് ബാങ്ക് തകര്‍ന്നിട്ടില്ലെന്നും എന്നാല്‍ സിപിഎം വോട്ടുകള്‍ ചോര്‍ന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിനെ പരിഹസിക്കുന്ന ജോസഫ് ഗ്രൂപ്പിനും അദ്ദേഹം മറുപടി നല്‍കി. തോറ്റെങ്കിലും വോട്ട് വിഹിതത്തില്‍ ജോസഫ് ഗ്രൂപ്പിനേക്കാള്‍ മുന്നിലാണ് തങ്ങളെന്ന് ജോസ് കെ. മാണി അവകാശപ്പെട്ടു. ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പലയിടത്തും 50 ശതമാനം വോട്ട് പോലും നേടാനായിട്ടില്ല. ചെറിയ മാര്‍ജിനിലാണ് പലയിടത്തും പരാജയം സംഭവിച്ചത്. ഇതൊരു ‘ക്ലോസ് ഫിനിഷ്’ പോരാട്ടമായിരുന്നുവെന്നും വീഴ്ചകളില്‍ നിന്ന് പാര്‍ട്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കണ്ട ക്രോസ് വോട്ടിങ് പൊതുവായ അഭിപ്രായമാണെന്നും അണികള്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന എല്‍ഡിഎഫ്-ആര്‍എസ്‌എസ് ‘ഡീല്‍’ ആരോപണങ്ങള്‍ ന്യൂനപക്ഷ വോട്ടുകള്‍ അകറ്റാന്‍ കാരണമായെന്ന് ജോസ് കെ. മാണി നിരീക്ഷിച്ചു. ഈ പ്രചാരണം മൂലം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാവുകയും വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെടുകയും ചെയ്തു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ മുഖം നല്‍കുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ, എതിരാളികള്‍ തന്നെ ‘ധൂര്‍ത്ത പുത്രന്‍’ എന്ന് വിളിച്ച്‌ അധിക്ഷേപിച്ചുവെന്നും 344 വ്യാജ ഐഡികള്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചടികള്‍ ഉണ്ടായെങ്കിലും എന്നും മുന്നണി മാറിക്കൊണ്ടിരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

 

സംസ്ഥാനത്ത് ഉണ്ടായ യുഡിഎഫ് തരംഗത്തില്‍ ജോസ് കെ. മാണി, മന്ത്രിയായിരുന്ന റോഷി അഗസ്റ്റിന്‍ എന്നിവരുള്‍പ്പെടെ മത്സരിച്ച 12 സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിരുന്നു. അതേസമയം യുഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മത്സരിച്ച എട്ട് സീറ്റുകളില്‍ ഏഴിലും വിജയിച്ചതും ചര്‍ച്ചയാകുന്നുണ്ട്. പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ 2.2 ശതമാനം കുറവ് മാത്രമേ ഉണ്ടായിട്ടുള്ളു. അംഗത്വ ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കും. അകന്നുപോയ അടിസ്ഥാന വിഭാഗത്തെ തിരിച്ചെത്തിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.