മാതാപിതാക്കളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം; സ്വാശ്രയ പദ്ധതിയുമായി കേരളം
മാതാപിതാക്കളെയും മുതിര്‍ന്നവരെയും പരിചരിക്കാന്‍ വിസമ്മതിക്കുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. ശാരീരികമായും മാനസികവുമായും വൈകല്യങ്ങള്‍ നേരിടുന്നവരെ പരിചരിക്കാന്‍ പലപ്പോഴും ആളുകള്‍ തയാറാകുന്നില്ല.ഇക്കൂട്ടരെ പരിചരിക്കുന്നത് അല്‍പം സാമ്പത്തിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ വൈകല്യമുള്ള ആളുകളെ പരിചരിച്ച് ക്ലേശം അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്വാശ്രയ പദ്ധതി.
ശാരീരിക മാനസിക വൈകല്യമുള്ളവര്‍, മാതാപിതാക്കള്‍, അമ്മമാര്‍ തുടങ്ങിയവര്‍ക്കായാണ് പദ്ധതി കൊണ്ടുവന്നത്. കേരള സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പാണ് 2025 മുതല്‍ ആരംഭിച്ച ഈ പദ്ധതി നടപ്പാക്കുന്നത്.
സ്വാശ്രയ പദ്ധതി
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഇത്തരം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും, ഭര്‍ത്താവ് മരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തതിന് ശേഷം, കഠിനമായ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിപാലിക്കുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക സഹയം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്.
സ്വാശ്രയ പദ്ധതി വഴി 35,000 രൂപ ഒറ്റത്തവണയായി ലഭിക്കും. ഈ സാമ്പത്തിക സഹായത്തിലൂടെ ആളുകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള വഴിയും സര്‍ക്കാര്‍ നല്‍കുന്നു. പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്ന ആളുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇവരെ പരിചരിക്കുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നിശ്ചിത തുക കൈമാറും.
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. അതിനാല്‍ ഇവരെ പരിചരിക്കാനായി നില്‍ക്കുന്ന ആളുകള്‍ക്ക്, പൊതുവേ സ്ത്രീകള്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാനോ സാമ്പത്തിക മാര്‍ഗം കണ്ടെത്താനോ സാധിക്കാതെ വരുന്നു. അതിനാല്‍ ബിപിഎല്‍ കുടുംബങ്ങളിലെ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താല്‍ ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
അപേക്ഷിക്കാനുള്ള യോഗ്യതകള്‍
അപേക്ഷകര്‍ മലയാളിയായിരിക്കണം, മാത്രമല്ല കേരളത്തില്‍ സ്ഥിരതാമസമാക്കിയ ആളുമായിരിക്കണം.
ബിപിഎല്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം.
70 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമോ മാനസിക ബുദ്ധിമുട്ടുകളോ ഉള്ള കുട്ടികളുടെ അമ്മമാര്‍ക്ക് അപേക്ഷിക്കാം.
അവിവാഹിരതരായ സ്ത്രീകള്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍ എന്നിവര്‍ക്കും യോഗ്യതയുണ്ട്.
വൈകല്യമോ മാനസിക വെല്ലുവിളിയോ നേരിടുന്ന കിടപ്പിലായ രോഗികളുടെ അമ്മമാര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന.
ആവശ്യമായ രേഖകള്‍
വൈകല്യമുള്ളവര്‍ക്ക് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്
ഭിന്നശേഷിയുള്ളവരുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
മൊബൈല്‍ നമ്പര്‍
ഇമെയില്‍ ഐഡി
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
മരണ അല്ലെങ്കില്‍ വിവാഹമോചന സര്‍ട്ടിഫിക്കറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റിന്റെയോ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
വില്ലേജ് ഓഫീസറില്‍ നിന്നുള്ള പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍
ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്
എങ്ങനെ അപേക്ഷിക്കാം?
ഓണ്‍ലൈനായും ഓഫ്‌ലൈനായും പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ സുനീതി പോര്‍ട്ടല്‍ വഴി വേണം സമര്‍പ്പിക്കാന്‍. ഓഫ്‌ലൈന്‍ അപേക്ഷ അങ്കണവാടികളില്‍ സമര്‍പ്പിക്കണം.
