April 26, 2026

അവിശ്വസനീയം പഞ്ചാബ് !! 265 റണ്‍സിന്റെ കൂറ്റന്‍ റണ്‍മലയും താണ്ടി ശ്രേയസും സംഘവും ; വമ്പന്‍ റെക്കോര്‍ഡ്

Share

 

ഡല്‍ഹി : 500നു മുകളില്‍ റണ്‍സ് പിറന്ന ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനു റെക്കോര്‍ഡ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് 265 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ നല്‍കിയപ്പോള്‍ പഞ്ചാബിന് ആരും വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ സകല പ്രവചനങ്ങളും തെറ്റിക്കുന്ന പഞ്ചാബിന്റെ ബാറ്റിങ് വിരുന്നിനാണ് സ്‌റ്റേഡിയം സാക്ഷിയായത്. ഏഴു ബോള്‍ ബാക്കിനില്‍ക്കെ വെറും നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ഈ ടോട്ടല്‍ മറികടന്നു.

 

 

 

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റണ്‍ചേസായും ഇതു മാറിയിരിക്കുകയാണ്. ജയത്തോടെ അപരാജിത റെക്കോര്‍ഡ് കാത്ത പഞ്ചാബ് ഒന്നാംസ്ഥാനവും കാത്തുസൂക്ഷിച്ചു.

 

ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങിന്റെയും (29 ബോളില്‍ 76) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും (36 ബോളില്‍ 71*) ഇന്നിങ്‌സുകളാണ് പഞ്ചാബിന്റെ അവിശ്വസനീയ റണ്‍ചേസിനു ചുക്കാന്‍ പിടിച്ചത്. പ്രിയാന്‍ഷ് ആര്യയാണ് (17 ബോളില്‍ 43) മറ്റൊരു സ്‌കോറര്‍.

 

സ്‌ഫോടനാത്മക തുടക്കവും മികച്ച കൂട്ടുകെട്ടുകളുമാണ് ഇത്ര വലിയൊരു സ്‌കോര്‍ ചേസ് ചെയ്യാന്‍ പഞ്ചാബിനെ സഹായിച്ചത്. ആദ്യ വിക്കറ്റില്‍ വെറും 6.5 ഓവറില്‍ 126 റണ്‍സ് പ്രഭ്‌സിമ്രന്‍- പ്രിയാന്‍ഷ് ജോടി വാരിക്കൂട്ടിയിരുന്നു.

 

പിന്നീട് രണ്ട് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടി പഞ്ചാബ് ഇന്നിങ്‌സിലുണ്ടായിരുന്നു. നാലാം വിക്കറ്റില്‍ ശ്രേയസ്- വദേര ജോടി 31 ബോളില്‍ 56ഉം അടുത്ത വിക്കറ്റില്‍ ശ്രേയസ്-ശശാങ്ക് ജോടി 26 ബോളില്‍ 64 റണ്‍സും അടിച്ചെടുത്തു.

 

റണ്‍മല തീര്‍ത്ത് ഡിസി

 

സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസിനുശേഷം ബാറ്റിങിനു ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വെറും രണ്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 264 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

 

ഇതിനു അവരെ സഹായിച്ചതാവട്ടെ ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ (152*) വമ്ബന്‍ സെഞ്ച്വറിയുമാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.

 

വെറും 67 ബോളിലാണ് 16 ഫോറും ഒമ്ബതു സിക്‌സറുകളുമടക്കം രാഹുല്‍ 152 റണ്‍സ് വാരിക്കുട്ടിയത്. 91 റണ്‍സെടുത്ത നിതീഷ് റാണയാണ് ഡിസിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

 

 

 

44 ബോളില്‍ 11 ഫോറും നാലു സിക്‌സറുമുള്‍പ്പെടെയാണിത്. രാഹുലും റാണയും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റിലെ മാരത്തണ്‍ കൂട്ടുകെട്ടാണ് ഡിസിയെ ഇത്ര വലിയൊരു സ്‌കോര്‍ പടുത്തുര്‍ത്താന്‍ സഹായിച്ചത്.

 

ടീം സ്‌കോര്‍ 28ല്‍ വച്ച്‌ ഒന്നിച്ച ഈ സഖ്യം 19ാം ഓവറില്‍ 248ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. വെറും 95 ബോളില്‍ 220 റണ്‍സ് രാഹുല്‍- റാണ സഖ്യം ചേര്‍ന്ന് വാരിക്കൂട്ടി. 250ന് മുകളില്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഡിസിയെ സഹായിച്ചതും ഈ ജോടിയാണ്.

 

എന്നാല്‍ രണ്ടു തവണ രാഹുലിന് പഞ്ചാബ് ആയുസ് നീട്ടി നല്‍കിയിരുന്നുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആദ്യം വെറും 12 റണ്‍സ് മാത്രമെടുത്തു നില്‍ക്കവെയാണ് അര്‍ഷ്ദീപ് സിങിന്റെ ബൗളിങില്‍ ശശാങ്ക് സിങ് ക്യാച്ച്‌ പാഴാക്കിയത്. ഇതിനു ശേഷം 51ല്‍ നില്‍ക്കവെ സ്വന്തം ബൗളിങില്‍ വിജയ്കുമര്‍ വൈശാഖും ഒരു ക്യാച്ച്‌ താഴെയിട്ടു.

 

ടോസിനു ശേഷം ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളും അവസാനത്തെ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.

 

പ്ലെയിങ് 11

 

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പതും നിസ്സങ്ക, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, സമീര്‍ റിസ്വി, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിഡി, മുകേഷ് കുമാര്‍, ടി നടരാജന്‍.

 

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, വിജയ്കുമാര്‍ വൈശാഖ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.