8 വിക്കറ്റിന് ചെന്നൈയെ തകർത്തു : അഞ്ചാം സ്ഥാനത്തേയ്ക്കു കയറി ഗുജറാത്ത്
ചെന്നൈ : കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയിട്ടും ടീം തോറ്റെങ്കിലും ഇത്തവണ തന്റെ അർധസെഞ്ചറി വെറുതെയാകാൻ സായ് സുദർശൻ സമ്മതിച്ചില്ല! ചെന്നൈ സൂപ്പർ കിങ്സിനെതിരെ അർധസെഞ്ചറിയുമായി തിളങ്ങിയ സായ്, ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ചു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ 8 വിക്കറ്റിനാണ് ചെന്നൈയെ ഗുജറാത്ത് തകർത്തത്. ചെന്നൈ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. സായ് സുദർശൻ (46 പന്തിൽ 87) ജോസ് ബട്‌ലർ (30 പന്തിൽ 39*), ശുഭ്മൻ ഗിൽ (23 പന്തിൽ 33) എന്നിവരുടെ ബാറ്റിങ്ങാണ് ഗുജറാത്തിനെ അനായാസ വിജയത്തിലെത്തിച്ചത്. ഇതോടെ എട്ടു പോയിന്റുമായി ഗുജറാത്ത് അഞ്ചാം സ്ഥാനത്തേയ്ക്കു കയറി. ചെന്നൈ ആറാം സ്ഥാനത്തായി.
ചെറിയ വിജയലക്ഷ്യം പിന്തുടാരാനിറങ്ങിയ ഗുജറാത്തിനായി സായ് സുദർശനും ശുഭ്മൻ ഗില്ലും കരുതലോടെയാണ് തുടങ്ങിയത്. എങ്കിലും പവർപ്ലേ അവസാനിക്കും മുൻപു തന്നെ സ്കോർ 50 കടന്നു. ഏഴാം ഓവറിൽ സഞ്ജു സാംസന്റെ മിന്നൽ സ്റ്റംപിങ്ങിൽ ഗിൽ പുറത്തായെങ്കിലും ചുമതല ഏറ്റെടുത്ത സായ്, ഇന്നിങ്സ് മുന്നോട്ടു നീക്കി. ജോസ് ബട്‌ലറും ഉറച്ച പിന്തുണ നൽകി. 33 പന്തിലാണ് സായ് അർധസെഞ്ചറി പിന്നിട്ടത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 97 റൺസാണ് കൂട്ടിച്ചേർത്തത്. 17–ാം ഓവറിൽ വിജയത്തിലേക്ക് വെറും അഞ്ച് റൺസകലെയാണ് സായ് പുറത്തായത്. പിന്നീടിറങ്ങിയ വാഷിങ്ടൻ സുന്ദറെ (1*) മറുവശത്ത് നിർത്തി ജോസ് ബട്‌ലർ സിക്സറടിച്ച് ഗുജറാത്തിന്റെ വിജയറൺ കുറിച്ചു.
നിർണയാകഘട്ടത്തിൽ ക്യാപ്റ്റൻ അവസരത്തിനൊത്ത് ഉയർന്നപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെതിരെ വലിയ നാണക്കേടിൽനിന്നു രക്ഷപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറത്തിനെതിരെ ചെന്നൈ കുറിച്ചത് 159 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്കെ 158 റൺസെടുത്തത്. ഒരുഘട്ടത്തിൽ ടോട്ടൽ നൂറു പോലും കടക്കില്ലെന്നു കരുതിയ ഇന്നിങ്സിനെ സീസണിൽ ആദ്യ അർധസെഞ്ചറി നേടി പുറത്താകാതെനിന്ന ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (60 പന്തിൽ 74*) ബാറ്റിങ്ങാണ് രക്ഷിച്ചത്. ശിവം ദുബെയും (17 പന്തിൽ 22) മികച്ച പിന്തുണ നൽകി. ഗുജറാത്തിനായി കഗീസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷിദ് ഖാൻ രണ്ടും മുഹമ്മദ് സിറാജ്, മാനവ് സുതാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ തുടക്കം മുതൽ റൺസ് കണ്ടെത്താൻ പാടുപെട്ടു. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവർ നേരിട്ട സഞ്ജു സാംസണ് ഒരു റൺ മാത്രമാണ് നേടാനായത്. തൊട്ടടുത്ത ഓവറിൽ റബാദയ്ക്കെതിരെ രണ്ടു ബൗണ്ടറി അടിച്ച് ഐപിഎലിൽ അയ്യായിരം റൺസെന്ന നാഴികക്കല്ല് പിന്നിട്ടു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ സഞ്ജുവിന്റെ നിഴൽ മാത്രമാണ് ചെപ്പോക്കിൽ ഇന്നു കണ്ടത്. ‘ടച്ച്’ കണ്ടെത്താൻ പാടുപെട്ട സഞ്ജു, റബാദ എറിഞ്ഞ നാലാം ഓവറിൽ ജോസ് ബട്‌ലർക്ക് ക്യാച്ച് നൽകി മടങ്ങി. 15 പന്തിൽ വെറും 11 റൺസ് മാത്രമാണ് സഞ്ജു നേടിയത്.
അതേ ഓവറിൽ തന്നെ ഈ സീസണിൽ ആദ്യ മത്സരം കളിച്ച ഉർവിൽ പട്ടേലിനെയും (3 പന്തിൽ 4) മടക്കി റബാദ ചെന്നൈയ്ക്ക് ‘ഇരട്ടപ്രഹരം’ നൽകി. അഞ്ചാം ഓവറിൽ, ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സർഫറാസ് ഖാനെ (0) മുഹമ്മദ് സിറാജ് ഗോൾഡൻ ഡക്കായി മടക്കിയതോടെ ചെന്നൈ പ്രതിരോധത്തിലായി. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 28 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവർ. ഈ സീസണിലെ ഏറ്റവും ചെറിയ പവർപ്ല സ്കോറാണിത്. ഒൻപതാം ഓവറിൽ ഡെവാൾഡ് ബ്രവിസും (9 പന്തിൽ 2) വീണു. ഒരുവശത്ത് നിലയുറപ്പിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈ ഇന്നിങ്സിനെ താങ്ങിനിർത്തിയത്.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഗെയ്ക്‌വാദ്– ശിവം ദുബെ സഖ്യമാണ് ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. 12–ാം ഓവറിലാണ് ചെന്നൈ സ്കോർ 50 കടന്നത്. ടീം ടോട്ടൽ 50 കടക്കാൻ ഏറ്റവും കൂടുതൽ ഓവറുകൾ എടുത്ത ഇന്നിങ്സുകളിൽ ഇതു രണ്ടാം സ്ഥാനത്താണ്. 2011ൽ ആർസിബിക്കെതിരെ 12.1 ഓവറിലാണ് ചെന്നൈ 50 കടന്നത്. ഇതിനു ശേഷം അൽപം ‘മൊമന്റം’ വീണ്ടെടുത്ത ചെന്നൈ 15–ാം ഓവറിൽ റാഷിദ് ഖാനെതിര 21 റൺസ് അടിച്ചുകൂട്ടി. 16–ാം ഓവറിൽ ദുബെ പുറത്താകുമ്പോൾ സ്കോർ 96ൽ എത്തിയിരുന്നു.
49 പന്തിലാണ് ഗെയ്ക്‌വാദ് അർധസെഞ്ചറി നേടിയത്. ഈ സീസണിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയാണിത്. ദുബെയ്‌ക്കു പിന്നാലെ എത്തിയ കാർത്തിക് ശർമ (9 പന്തിൽ 15), ജാമി ഓവർട്ടൺ (6 പന്തിൽ 18) എന്നിവർ ചെറിയ സംഭാവനകൾ നൽകി. അവസാന ഓവറിൽ 15 റൺസ് അടിച്ചാണ് ഗെയ്‌ക്‌വാദ് ചെന്നൈ സ്കോർ 150 കടത്തിയത്.
