ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ബെംഗളൂരു
മുന്നില്‍നിന്ന് നയിച്ച വിരാട് കോഹ്ലിയുടെയും (81) ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് സിക്‌സറുകളയച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയ ദേവ്ദത്ത് പടിക്കലിന്റെയും (55) ബാറ്റിങ് മികവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎല്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ ജയം. ഏഴുപന്തുകള്‍ ശേഷിക്കെ അഞ്ചുവിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചത്. ഗുജറാത്തിന് വേണ്ടി സെഞ്ചുറിയടിച്ച സായ് സുദര്‍ശന്റെ പോരാട്ടം വിഫലമായി.
44 പന്തില്‍ നാലു സിക്‌സും എട്ടുഫോറും ഉള്‍പ്പടെയാണ് കോഹ്ലി 81 റണ്‍സെടുത്തത്. ദേവ്ദത്ത് പടിക്കല്‍ ആറു സിക്‌സും രണ്ടുഫോറും ഉള്‍പ്പടെയാണ് 55 റണ്‍സ് നേടിയത്. 20 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ദേവ്ദത്ത് പടിക്കലിന്റെയും കോഹ്ലിയുടെയും ഇന്നിങ്‌സ് ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി. ഇരുവരും ചേര്‍ന്നുള്ള രണ്ടാംവിക്കറ്റ് കൂട്ടുകെട്ട് 59 പന്തില്‍ 115 റണ്‍സാണ് എടുത്തത്. കളിയുടെ ഗതി മാറ്റിയ കൂട്ടുകെട്ടായി മാറി ഇത്. ക്യാപ്റ്റന്‍ രജത് പാട്ടിദാറും ജിതേഷ് ശര്‍മയും ആഞ്ഞടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രജത് പാട്ടിദാര്‍ എട്ടുറണ്‍സെടുത്ത് മടങ്ങി. ജിതേഷ് ശര്‍മ 10 റണ്‍സാണ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്. ഓപ്പണര്‍ ജേകബ് ബെതല്‍ 14 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യയുടെ മികവാണ് ആര്‍സിബിയുടെ ജയം വേഗത്തിലാക്കിയത്. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന്‍ രണ്ടുവിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ 49 റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി.
നേരത്തെ ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനുവേണ്ടി സായ് സുദര്‍ശന്‍ സെഞ്ചുറി നേടി. 57 പന്തില്‍ അഞ്ചു സിക്‌സും 11 ഫോറും ഉള്‍പ്പടെയാണ് സായ് സുദര്‍ശന്റെ സെഞ്ചുറി നേട്ടം. നായകന്‍ ശുഭ്മാന്‍ ഗില്‍ 24 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ 32 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ 16 പന്തില്‍ 25 റണ്‍സ് കുറിച്ചു. ഒരു സിക്‌സും രണ്ട് ഫോറും ഇന്നിങ്‌സിലുണ്ട്. ജേസണ്‍ ഹോള്‍ഡര്‍ അവസാന ഓവറുകളില്‍ കൂറ്റനടികള്‍ക്ക് മുതര്‍ന്നതോടെ സ്‌കോര്‍ 200 കടന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് 57 റണ്‍സെടുത്തു. ഓപ്പണിങ് കൂട്ടുകെട്ടില്‍ സായ് സുദര്‍ശനും ഗില്ലും നടത്തിയ പ്രകടനമാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലെത്തിച്ചത്. 76 പന്തില്‍ 128 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്.
ആര്‍സിബിക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വൂഡ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയിലും മുന്നേറി. ഏഴുകളിയില്‍ അഞ്ചുജയത്തോടെ 10 പോയിന്റ് നേടിയ ടീം രണ്ടാം സ്ഥാനത്തെത്തി. ഏഴുകളിയില്‍ നാലാമത്തെ തോല്‍വിയോടെ ഗുജറാത്ത് ആറുപോയിന്റുമായി ഏഴാം സ്ഥാനത്താണ്.
