April 20, 2026

45 ബോളില്‍ 101, തീപ്പൊരിയായി തിലക് !! ഗുജറാത്തിനെ 99 റണ്‍സിന് തകർത്ത് മുംബൈയുടെ തിരിച്ചുവരവ്

Share

 

അഹമ്മദാബാദ് : ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന യഥാര്‍ഥ മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ ഗ്രൗണ്ടില്‍ 99 റണ്‍സിനു മുക്കിയാണ് യഥാര്‍ഥ എംഐ സടകുടഞ്ഞെഴുന്നേറ്റത്. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം തങ്ങളെ എഴുതിത്തള്ളിയവരുടെ വായടപ്പിക്കുന്ന കളിയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും കാഴ്ചവച്ചത്. ഈ ജയത്തോടെ 10 ല്‍ നിന്നും മുംബൈ ഏഴിലേക്കും ഉയര്‍ന്നു.

 

തിലക് വര്‍മയുടെ തീപ്പൊരി സെഞ്ച്വറിയിലേറി 200 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജിടിക്കു എംഐ നല്‍കിയത്. എന്നാല്‍ അഞ്ചു കളിയിലെ വിക്കറ്റ് വരള്‍ച്ചയ്ക്കു ശേഷം ആദ്യ ബോളില്‍ തന്നെ ജസ്പ്രീത് ബുംറ വിക്കറ്റുമായി ഇതു അവസാനിപ്പിച്ചതോടെ ജിടിയുടെ പതനവും തുടങ്ങി.

 

 

 

പുതിയ ഊര്‍ജവുമായി മുംബൈ ബൗളര്‍മാര്‍ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ പിഴുതു കൊണ്ടിരുന്നപ്പോള്‍ ജിടി ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. മുഴുവന്‍ ഓവറുകള്‍ ക്രീസില്‍ നില്‍ക്കാന്‍ പോലുമാവാതെ 15.4 ഓവറില്‍ വെറും 100 റണ്‍സിനു അവര്‍ കൂടാരം കയറി. വാഷിഷ്ങ്ടണ്‍ സുന്ദര്‍ (26), ഷാരൂഖ് ഖാന്‍ (17), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (14), കാഗിസോ റബാഡ (12) എന്നിവരൊഴികെ മറ്റാരും രണ്ടക്കം പോലും തികച്ചില്ല.

 

മികച്ച ഒരു കൂട്ടുകെട്ട് പോലും ജിടി ഇന്നിങ്‌സില്‍ കണ്ടില്ല. മൂന്നാം വിക്കറ്റില്‍ ഗില്‍-വാഷിങ്ടണ്‍ സഖ്യം നേടിയ 35 റണ്‍സാണ് ജിടി ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ഈ സീസണിലെ ആദ്യ മല്‍സരം കളിച്ച പേസര്‍ അശ്വനി കുമാറിൻ്റെ വിക്കറ്റുകളാണ് ജിടിയുടെ അന്തകനായി മാറിയത്. നാല് ഓവറില്‍ 24 റണ്‍സിനാണ് നാലു വിക്കറ്റകള്‍ താരം പോക്കറ്റിലാക്കിയത്. മിച്ചെല്‍ സാന്റ്‌നറും അല്ല ഗസന്‍ഫറും രണ്ടു വീതം വിക്കറ്റുകളെടുത്തു.

 

 

ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സിനെ രക്ഷിച്ചത് തിലക് വര്‍മയുടെ തീപ്പൊരി സെഞ്ച്വറിയാണ്. പുറത്താവാതെ വെറും 45 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 101 റണ്‍സാണ്. എട്ടു ഫോറും ഏഴു സിക്‌സറുമുള്‍പ്പെടെയാണിത്. തിലകിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി കൂടിയാണിത്.

 

ഈ പ്രകടനമാണ് ഒരു സമയത്തു 160 പോലും എത്തില്ലെന്നു കരുതിയ മുംബൈയെ അഞ്ചു വിക്കറ്റിനു 199 റണ്‍സെന്ന വിന്നിങ് ടോട്ടലിലെത്തിച്ചത്. അവസാന ആറോവറില്‍ മാത്രം മുംബൈ 96 റണ്‍സ് വാരിക്കൂട്ടി. തിലകിനെ കൂടാതെ മുംബൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍ 45 റണ്‍സെടുത്ത നമാന്‍ ധിറാണ്. പവര്‍പ്ലേയ്ക്കുള്ളില്‍ 44/3 റണ്‍സ് എന്ന നിലയിലായിരുന്നു മുംബൈ. ഡാനിഷ് മലേവാര്‍, ക്വിന്റണ്‍ ഡി കോ്ക്ക് (13), സൂര്യകുമാര്‍ യാദവ് (15) എന്നിവരെയാണ് മുംബൈയ്ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റും റബാഡയാണ് നേടിയത്.

 

 

രണ്ടു മികച്ച കൂട്ടുകെട്ടുകളാണ് തുടക്കത്തില്‍ ബാറ്റിങില്‍ പതറിയ മുംബൈയെ കരകയറ്റിയത്. നാലാം വിക്കറ്റില്‍ ധിര്‍- തിലക് ജോടി 40 ബോളില്‍ 52 റണ്‍സ് നേടി. പക്ഷെ കളി മാറ്റിയത്. അടുത്ത കൂട്ടുകെട്ടാണ്. ആറാം വിക്കറ്റില്‍ തിലക്- ഹാര്‍ദിക് സഖ്യം 38 ബോളില്‍ അടിച്ചെടുത്ത 81 റണ്‍സ് ടീമിനെ 200 നരികിലേക്കു ഉയര്‍ത്തുകയും ചെയ്തു. 15 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പുറത്തായി.

 

ടോസിനു ശേഷം ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് മുംബൈ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഡാനിഷ് മലേവര്‍, കൃഷ് ഭഗത് എന്നിവര്‍ മുംബൈയ്ക്കായി അരങ്ങേറ്റ മല്‍സരം കളിച്ചു.

 

മിച്ചെല്‍ സാന്റ്‌നറും ടീമിലേക്കു വന്നു. ഇതോടെ റയാന്‍ റിക്കെല്‍റ്റണ്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരാണ് പുറത്തായത്. മറുഭാഗത്തു ജിടിയാവട്ടെ അവസാന മാച്ചിലെ അതേ ടീം തന്നെ നിലനിര്‍ത്തി.

 

നേരത്തേ ആദ്യ മല്‍സരം ജയിച്ചുകൊണ്ടാണ് മുംബൈ ഈ സീസണില്‍ തുടങ്ങിയെങ്കിലും അതിനു ശേഷം തുടരെ നാലു കളികളാണ് തോറ്റത്. ജിടിയാവട്ടെ ആദ്യത്തെ രണ്ടു കളിയിലും തോറ്റെങ്കിലും ഹാട്രിക് വിജയവുമായി തിരിച്ചുവരികയായിരുന്നു.

 

പ്ലെയിങ് 11

 

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, അശോക് ശര്‍മ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

 

മുംബൈ ഇന്ത്യന്‍സ്- ഡാനിഷ് മലേവാര്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), നമാന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, ഷെര്‍ഫയ്ന്‍ റൂഥര്‍ഫോര്‍ഡ്, മിച്ചെല്‍ സാന്റ്‌നര്‍, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, എഎം ഗസന്‍ഫര്‍.

 

 


Share
Copyright © All rights reserved. | Newsphere by AF themes.