കയത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമം ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു
കോഴിക്കോട് : നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയില്‍ മുങ്ങിമരിച്ചു. നാദാപുരം പുളിയാവ് അരീക്കുണ്ടില്‍ അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരന്റെ മകള്‍ കെൻസാ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് സംഭവം.
തുണി അലക്കാൻ വേണ്ടിയാണ് ഇവർ പുഴക്കരയില്‍ എത്തിയത്. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു. കുട്ടി പുഴയിലേക്കിറങ്ങിയ സമയത്ത് കയത്തില്‍പെട്ടു പോകുകയായിരുന്നു. ഇവരുടെ മൃതദേഹം നാദാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയില്‍ നിന്നും പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.
