ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയില്‍ നിന്നും കണ്ടെത്തി
ബെംഗളൂരു : കർണാടകയിലെ ചിക്കമംഗളൂരുവില്‍ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി .നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയില്‍ നിന്ന് 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളില്‍ ഇറങ്ങിയുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്.
ചൊവ്വാഴ്‌ച വൈകിട്ട് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്.ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.
പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ഫോഴ്‌സാണ് തിരച്ചില്‍ നടത്തിയത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമല്‍ ഡ്രോണുകളും ഉപയോഗിച്ചു.
ഇതിനിടെ, മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയവും മാതാപിതാക്കള്‍ ഉയർത്തിയിരുന്നു. ശ്രീനന്ദയ്ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേർ അന്വേഷണ സംഘത്തെ സഹായിക്കാൻ സ്ഥലത്തു തങ്ങുന്നുണ്ട്. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പർവത മേഖലയിലാണു ബാബാ ബുധാൻഗിരി.
