അഴകുള്ള വസ്ത്രങ്ങള്‍ അപകടമോ…? കുരുന്നുകളുടെ കടും നിറമുള്ള വസ്ത്രങ്ങളില്‍ വിഷലോഹങ്ങള്‍ കണ്ടെത്തി
കുട്ടികള്‍ക്കായി നമ്മള്‍ തിരഞ്ഞെടുക്കുന്ന കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ അത്ര സുരക്ഷിതമല്ലെന്ന് പുതിയ പഠനറിപ്പോർട്ടുകള്‍. ആകർഷകമായ നിറങ്ങള്‍ നല്‍കാനായി വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ചായങ്ങളില്‍ മാരകമായ അളവില്‍ ലെഡ് (ഈയം) പോലുള്ള വിഷലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അമേരിക്കൻ കെമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് ഗവേഷകർ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. വിവിധ കടകളില്‍നിന്നുള്ള വസ്ത്രങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് അമേരിക്കൻ ഫെഡറല്‍ സേഫ്റ്റി ലിമിറ്റിന്റെ പരിധിക്കപ്പുറമാണ് ഇവയില്‍ അടങ്ങിയിട്ടുള്ള മെറ്റലുകള്‍ എന്ന് വ്യക്തമായത്.
വസ്ത്രങ്ങള്‍ക്ക് കടുംനിറങ്ങള്‍ നല്‍കാനായാണ് നിർമാതാക്കള്‍ ലെഡ് ഉപയോഗിക്കുന്നത്. ഇവ വസ്ത്രങ്ങളിലൂടെ ശരീരത്തിലെത്താൻ സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ വസ്ത്രങ്ങള്‍ പലപ്പോഴും കടിക്കുകയും മറ്റും ചെയ്യുന്നതിനാല്‍ കൂടുതല്‍ അപകടസാധ്യതാ വിഭാഗത്തിലാണെന്നും പഠനത്തിലുണ്ട്.
ലെഡ് അമിതമായി ശരീരത്തിലെത്തുന്നത് പെരുമാറ്റ പ്രശ്നങ്ങള്‍ക്കൊപ്പം മസ്തിഷ്കം, നാഡീവ്യവസ്ഥ തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുക, വൈജ്ഞാനിക അപചയം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ ഉപഭോക്തൃ ഉത്പന്ന സുരക്ഷാ കമ്മീഷൻ നിർദേശിക്കുന്നതു പ്രകാരം ഉപയോഗിക്കാൻ അനുമതിയുള്ള ലെഡിന്റെ അളവ് 100ppm (100-parts-per-million). എന്നാല്‍, പഠനത്തിന് തിരഞ്ഞെടുത്ത വസ്ത്രങ്ങളില്‍ ഈ അളവിനേക്കാള്‍ കൂടുതലായിരുന്നുവെന്നും രക്ഷിതാക്കള്‍ കരുതലോടെ കാണേണ്ട വിഷയമാണ് ഇതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
വസ്ത്രനിർമാണ രംഗത്ത് നിറത്തിനും മറ്റുമായി ലെഡ് പോലുള്ള ടോക്സിക് മെറ്റലുകള്‍ ഉപയോഗിക്കുന്നതിന് പകരം സംവിധാനം കണ്ടെത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
