പ്രത്യാശയുടെ പ്രകാശമായി ഇന്ന് ഈസ്റ്റര്‍ ; സമാധാനത്തിനായി ലോകമെങ്ങും പ്രാര്‍ത്ഥന
കൽപ്പറ്റ : മരണത്തിന്റെ അന്ധകാരത്തെ നീക്കി യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.
അധർമ്മത്തിന്മേല്‍ ധർമ്മവും വിദ്വേഷത്തിന്മേല്‍ സ്‌നേഹവും നേടിയ വിജയത്തിന്റെ വിളംബരമായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. ശനിയാഴ്ച അർദ്ധരാത്രി മുതല്‍ പള്ളികളില്‍ നടന്ന ഉത്ഥാന തിരുനാള്‍ ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധം പടരുന്ന പശ്ചാത്തലത്തില്‍, വിശ്വസമാധാനത്തിനായുള്ള പ്രത്യേക യാചനകളോടെയായിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പ നേതൃത്വം നല്‍കി. മിഡില്‍ ഈസ്റ്റിലടക്കം വർദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ തളരാതെ സമാധാനത്തിനായി നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്വേഷം വെടിഞ്ഞ് ഐക്യത്തിന്റെ പാത സ്വീകരിക്കണമെന്നും മാർപ്പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
സഭാധ്യക്ഷന്മാരുടെ ഈസ്റ്റർ സന്ദേശങ്ങള്‍:
യാക്കോബായ സഭ: വിഭജനത്തിന് പകരം ഐക്യം കെട്ടിപ്പടുക്കാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ സന്ദേശത്തില്‍ പറഞ്ഞു. ഓരോ മനുഷ്യനിലും ദൈവരൂപം ദർശിക്കുമ്പോഴാണ് ഈസ്റ്റർ അർത്ഥപൂർണ്ണമാകുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
സിറോ മലബാർ സഭ: മരണത്തിന്റെ അന്ധകാരത്തെ സ്‌നേഹാഗ്നി കൊണ്ട് കീഴടക്കിയ ചരിത്രപരമായ വിപ്ലവമാണ് മിശിഹായുടെ ഉത്ഥാനമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു. യുദ്ധക്കളങ്ങളില്‍ നിന്നുള്ള നിസ്സഹായരുടെ നിലവിളികള്‍ക്കിടയില്‍ അതിജീവനത്തിന്റെ കരുത്താണ് ഈസ്റ്റർ പകരുന്നത്.
കെ.സി.ബി.സി: ഇരുട്ടിനെ മറികടന്ന് പ്രകാശത്തിലേക്ക് നീങ്ങാനുള്ള ആഹ്വാനമാണ് ഈസ്റ്റർ നല്‍കുന്നതെന്ന് കെ.സി.ബി.സി വ്യക്തമാക്കി. സമാധാനപൂർണ്ണമായ പുതിയ പ്രഭാതത്തിനായി പ്രത്യാശയോടെ കാത്തിരിക്കാൻ ഈ ദിനം ഏവരെയും പ്രചോദിപ്പിക്കട്ടെയെന്ന് ഫാ. തോമസ് തറയില്‍ ആശംസിച്ചു.
കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ പുലർച്ചെ നടന്ന ഉയിർപ്പ് കുർബാനകളില്‍ ജനസാഗരമാണ് ദൃശ്യമായത്. നോമ്പുകാലത്തിന്റെ വിശുദ്ധിയില്‍ നിന്ന് പുതുജീവന്റെ ആഘോഷത്തിലേക്ക് വിശ്വാസികള്‍ കടന്നതോടെ നാടാകെ ഈസ്റ്റർ ലഹരിയിലാണ്.
പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തലാണ് ഈസ്റ്റർ. യേശുവിന്റെ ഉയിർത്തെഴുന്നേല്‍പ്പിന്റെ ഓർമ്മ പുതുക്കല്‍.
മനുഷ്യരാശിയുടെ പാപങ്ങള്‍ ഏറ്റെടുത്ത് കുരിശില്‍ ജീവൻ വെടിഞ്ഞ യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈസ്റ്ററിലേക്ക് നയിക്കുന്ന നോമ്പ്, മരുഭൂമിയിലെ യേശുവിന്റെ നാല്‍പതു ദിവസത്തിന്റെ ഓർമ്മ പുതുക്കല്‍ കൂടിയാണ്. പ്രാർത്ഥനാനിർഭരമായ ആ ദിനങ്ങളിലൂടെയാണ് വിശ്വാസികളുടെ വിശുദ്ധിയിലേക്കുള്ള പ്രയാണം.
ഒത്തുചേരലിന്റെയും സാഹോദ്യത്തിന്റെയും വിരുന്നു കൂടിയാണ് ഈസ്റ്റർ. അതിരുകളില്ലാത്ത സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും ദയയുടേയും ലോകത്തേക്ക് മനുഷ്യമനസ്സിന്റെ ഒരു ഉയിർത്തെഴുന്നേല്‍പ് കൂടിയായി മാറുമ്പോഴാണ് ഈസ്റ്റർ അതിന്റെ യഥാർത്ഥസ്വത്വം കണ്ടെത്തുന്നത്.
