ജയിച്ച് തുടങ്ങി ചാംപ്യന്മാര്‍ : ഹൈദരാബാദിനെ നാലു വിക്കറ്റിന് തകർത്ത് ആര്‍സിബി
ബംഗളൂരു : കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അവസാനിച്ച ഇടത്തു നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂ. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് ആര്‍സിബി കെട്ടുകെട്ടിച്ചത്.
202 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ആര്‍സിബിക്കു മുന്നില്‍ ഇഷാന്‍ കിഷന്റെ ഓറഞ്ച് ആര്‍മി വച്ചത്. പക്ഷെ ഈ ടോട്ടല്‍ ആര്‍സിബിക്കു യാതൊരു വെല്ലുവിളിയും സൃഷ്ടിച്ചില്ല.
യാതൊരു കൂസലുമില്ലാതെയാണ് വെറും 15.4 ഓവറില്‍ നാലു വിക്കറ്റിനു ആര്‍സിബി ലക്ഷ്യം മറികടന്നത്. ചേസ് മാസ്റ്റര്‍ വിരാട് കോലിയുടെയും (69*) വണ്‍ഡൗണായെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും (61) അഗ്രസീവ് ഫിഫ്റ്റികളാണ് ആര്‍സിബിയുടെ ജയം അനായാസമാക്കിയത്.
38 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറും കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. എന്നാല്‍ വെറും 26 ബോളിലാണ് ദേവ്ദത്ത് 61 റണ്‍സ് വാരിക്കൂട്ടിയത്. ഏഴു ഫോറും നാലു കൂറ്റന്‍ സിക്‌സറും ദേവ്ദത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ രജത് പാട്ടിധാറും (31) ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കി.
ഫിള്‍ സാളില്‍ട്ടിനെ (8) തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കോലി-ദേവ്ദത്ത് ജോടി 101 റണ്‍സ് അടിച്ചെടുത്തതോടെ ആര്‍സിബി ജയത്തിന് അടിത്തറയിട്ടു. വെറും 45 ബോളിലാണിത്.
കോലി അല്‍പ്പം ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ദേവ്ദത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിം എസ്‌ആര്‍എച്ചിനെ ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തു. ദേവ്ദത്ത് മടങ്ങിയ ശേഷം കോലി- പാട്ടിധാര്‍ സഖ്യം 22 ബോളില്‍ 53 റണ്‍സടിച്ചതോടെ ആര്‍സിബിയുടെ വിജയമുറപ്പായി. പാട്ടിധാര്‍ 12 ബോളിലാണ് 32 ലെത്തിയത്. മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കമാണിത്.
രക്ഷകനായി ഇഷാന്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സണ്‍റൈേേസഴ്‌സ് ഹൈദരാബാദ് ഒമ്ബതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 201 റണ്‍സെന്ന ടോട്ടലിലെത്തിയത്. ഇതിനു സഹായിച്ചതാവട്ടെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ (80) അഗ്രസീവ് ഫിഫ്റ്റിയാണ്. വെറും 38 ബോളില്‍ എട്ടു ഫോറും അഞ്ചു കൂറ്റന്‍ സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
അനികേത് വര്‍മയുടെ (43) മികച്ച ഫിനിഷിങും ഹെന്‍ട്രിച്ച് ക്ലാസെന്റെ (31) പ്രകടനും എസ്‌ആര്‍എച്ച് ഇന്നിങ്‌സില്‍ നിര്‍ണായകമായി. മറ്റാരും തന്നെ 15 റണ്‍സ് പോലും തികച്ചില്ല. മൂന്നു വിക്കറ്റിനു 29ലേക്കു കൂപ്പുകുത്തിയ എസ്‌ആര്‍എച്ച്‌് 150 പ്ലസ് തികയ്ക്കുമോയെന്നതു പോലും സംശയമായിരുന്നു.
എന്നാല്‍ നാലാം വിക്കറ്റില്‍ ഇഷാന്‍-ക്ലാസെന്‍ ജോടി നേടിയ 97 റണ്‍സ് എസ്‌ആര്‍എച്ചിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 53 ബോളിലാണ് ഇത്രയും മികച്ചൊരു കൂട്ടുകെട്ട് ഈ സഖ്യമുണ്ടാക്കിയത്.
അനികേതിന്റെ തകര്‍പ്പന്‍ ഫിനിഷിങും എടുത്തു പറയേണ്ടതാണ്. വെറും 18 ബോളിലാണ് താരം 43 റണ്‍സടിച്ചത്. നാലു സിക്‌സും മൂന്നു ഫോറുമടക്കമാണിത്. ഐപിഎല്ലില്‍ കന്നി മല്‍സരം കളിച്ച പേസര്‍ ജേക്കബ് ഡഫി മൂന്നു വിക്കറ്റുകള്‍ പിഴുതു. റൊമാാരിയോ ഷെപ്പേര്‍ഡിനും മൂന്നു വിക്കറ്റുകള്‍ ലഭിച്ചു.
പ്ലെയിങ് 11
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, സലില്‍ അറോറ, ഹര്‍ഷ് ദുബെ, ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനാട്കട്ട്, ഇഷാന്‍ മലിംഗ.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫിലിപ്പ് സാള്‍ട്ട്, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശര്‍മ.
