കാട്ടാനയെ തുരത്താനായി പോയ യുവാവ് മരിച്ച നിലയില്‍ ; കാട്ടാന ആക്രമിച്ചതെന്ന് സംശയം
ബത്തേരി : കാട്ടാനയെ തുരത്താനായി പോയ യുവാവ് മരിച്ച നിലയില്‍. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രജീവ് ( 40) ആണ് മരിച്ചത്. കാട്ടാന പറമ്പില്‍ ഇറങ്ങിയതറിഞ്ഞ് തുരത്താനായി രാത്രി പത്ത് മണിയോടെ രജീവ് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 12 മണിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ സഹോദരങ്ങളും അയല്‍വാസികളും തെരഞ്ഞ് ചെന്നപ്പോഴാണ് പറമ്പില്‍
കിടക്കുന്ന നിലയില്‍ കണ്ടത്. ഉടനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
രജീവിനെ കണ്ടെത്തിയ സ്ഥലത്ത് കാട്ടാനയുടെ കാല്‍ പാടുകള്‍ ഉണ്ടെന്നും, ഈ ഭാഗത്ത് നിന്ന് കാട്ടാനയുടെ ചിഹ്നം വിളി കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. ഈ പ്രദേശത്ത് മുന്‍പും നിരവധി തവണ കാട്ടാന ശല്യം ഉണ്ടായിരുന്നതാണ്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ശരീരത്തിലൊന്നും പ്രത്യക്ഷ പരിക്കുകള്‍ കാണാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയുകയുള്ളൂ.
