February 28, 2026

ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചിട്ടും രക്ഷയില്ല, പാകിസ്താൻ പുറത്ത് ; ന്യൂസിലൻഡ് സെമിയില്‍

Share

 

കൊളംബോ : ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നാടകീയ വിജയം സ്വന്തമാക്കിയിട്ടും പാകിസ്താന് കണ്ണീരോടെ മടക്കം. റണ്‍റേറ്റിലെ പോരാട്ടത്തില്‍ ന്യൂസിലൻഡിനോട് തോറ്റതാണ് പാക് പടയ്ക്ക് തിരിച്ചടിയായത്. പാകിസ്താൻ ഉയർത്തിയ 213 റണ്‍സ് പിന്തുടർന്ന ശ്രീലങ്ക 207 റണ്‍സെടുത്ത് പോരാടി തോറ്റു. ഇതോടെ ഈ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ടിന് പിന്നാലെ കിവീസ് സെമി ടിക്കറ്റ് ഉറപ്പിച്ചു. സെമിയിലെത്താൻ പാകിസ്താന് ശ്രീലങ്കയെ 147 റണ്‍സില്‍ താഴെ ഒതുക്കി 65 റണ്‍സിനെങ്കിലും ജയിക്കണമായിരുന്നു. എന്നാല്‍ 16-ാം ഓവറില്‍ ലങ്ക 147 കടന്നതോടെ തന്നെ പാകിസ്താൻ പുറത്താവുകയും ന്യൂസിലൻഡ് സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഓപ്പണർമാരായ സഹിബ്‌സാദ ഫർഹാൻ (59 പന്തില്‍ 100), ഫഖർ സമാൻ (42 പന്തില്‍ 84) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് പാകിസ്താനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 176 റണ്‍സാണ് അടിച്ചുകൂട്ടിയത്.

 

213 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പവൻ രത്‌നായകെ (58), ക്യാപ്റ്റൻ ദാസുൻ ഷണക എന്നിവർ പൊരുതി. ഷണകയുടെ തകർപ്പൻ ബാറ്റിംഗ് പാകിസ്താനെ ഒരു ഘട്ടത്തില്‍ തോല്‍വിയുടെ അരികിലെത്തിച്ചു. അവസാന ഓവറില്‍ ജയിക്കാൻ 28 റണ്‍സ് വേണമെന്നിരിക്കെ ഷഹീൻ അഫ്രീദിക്കെതിരെ ഷണക മൂന്ന് സിക്സറുകളും ഒരു ഫോറും പറത്തി. എന്നാല്‍ അവസാന രണ്ട് പന്തില്‍ റണ്ണെടുക്കാൻ കഴിയാതെ വന്നതോടെ ലങ്ക 207-6 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

 

ഇംഗ്ലണ്ട് ആറ് പോയിന്റോടെ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. മൂന്ന് പോയിന്റുള്ള ന്യൂസിലൻഡിനെ മറികടക്കാൻ മൂന്ന് പോയിന്റ് തന്നെ ലഭിച്ച പാകിസ്താന് റണ്‍റേറ്റില്‍ സാധിച്ചില്ല. ലങ്കയെ വലിയ മാർജിനില്‍ തോല്‍പ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടതാണ് പാകിസ്താന് വിനയായത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.