സ്വര്‍ണം ഇനി കൂടുതല്‍ കൊണ്ടുവരാം : പ്രവാസികള്‍ക്ക് കോളടിച്ചു ; പുതിയ മാറ്റം അറിയാം
യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ക്കും ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്കും വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസത്തെ ബജറ്റില്‍ പ്രഖ്യാപിച്ചത്.സ്വർണാഭരണങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള കസ്‌റ്റംസ് നിയമങ്ങളില്‍ ഇന്ത്യ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് പ്രവാസികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ആശ്വാസമായിരിക്കുന്നത്.
കേന്ദ്ര ബജറ്റിന്റെ ഭാഗമായാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ കസ്‌റ്റംസ് ബാഗേജ് നിയമങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ നിയമപ്രകാരം, ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കും വിനോദസഞ്ചാരികള്‍ക്കും ഇനി തീരുവ രഹിതമായി സ്വർണാഭരണങ്ങള്‍ കൊണ്ടുവരാം. വനിതാ യാത്രക്കാർക്ക് 40 ഗ്രാം വരെയും, പുരുഷ യാത്രക്കാർക്ക് 20 ഗ്രാം വരെയുമാണ് ബാഗേജില്‍ ഉള്‍പ്പെടുത്തി കൊണ്ടുവരാവുന്ന സ്വർണാഭരണങ്ങളുടെ നിലവിലെ ഉയർന്ന പരിധി.
നേരത്തെ, 40 ഗ്രാം സ്വർണത്തിന് 1,00,000 രൂപയും 20 ഗ്രാം സ്വർണത്തിന് 50,000 രൂപയും എന്നിങ്ങനെ മൂല്യ പരിധി നിശ്ചയിച്ചിരുന്നു. ഈ പരിധിയില്‍ കൂടുതല്‍ സ്വർണം കൊണ്ടുവരുമ്പോള്‍ കസ്‌റ്റംസ് തീരുവ നല്‍കേണ്ടതുണ്ടായിരുന്നു. കൂടാതെ, പിഴ ഒഴിവാക്കാനായി സ്വർണം വാങ്ങിയതിന്റെ ഇൻവോയിസുകള്‍ ഹാജരാക്കുകയും റെഡ് ചാനലില്‍ പ്രഖ്യാപനം നടത്തുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു.
അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അതായത് നിലവില്‍ കൊണ്ട് വരുന്ന സ്വർണത്തിന് തൂക്കത്തില്‍ മാത്രമാണ് പരിധി ഉണ്ടാവുക. അവയ്ക്ക് നല്‍കേണ്ടി വരുന്ന നികുതി ഒഴിവാക്കിയെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കില്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് ഇത് ഗുണകരമാവുക. ഫെബ്രുവരി രണ്ടാം തീയതി അർധരാത്രി മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഈ നിയമപ്രകാരം, ഒരാള്‍ സാധാരണയായി അണിയുന്ന, സ്വർണ്ണം, വെള്ളി, പ്ലാറ്റിനം പോലുള്ള വിലയേറിയ ലോഹങ്ങളില്‍ നിർമ്മിച്ചതും, രത്നങ്ങള്‍ പതിച്ചതോ അല്ലാത്തതോ ആയ അലങ്കാര വസ്‌തുക്കളാണ് ആഭരണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026-ലെ ബാഗേജ് നിയമങ്ങള്‍, നിലവിലെ യാത്രാ, ഉപഭോഗ രീതികള്‍ക്കനുസരിച്ച് കസ്‌റ്റംസ് അലവൻസുകള്‍ പരിഷ്‌കരിക്കാൻ ലക്ഷ്യമിടുന്നതാണ്.
കസ്‌റ്റംസ് ബാഗേജ് നിയമം 2026
സ്വർണത്തിന് പുറമെ, യാത്രക്കാർക്ക് തീരുവ രഹിതമായി ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന മറ്റ് ഇറക്കുമതി ചെയ്‌ത സാധനങ്ങളുടെ പരിധിയും സർക്കാർ വർധിപ്പിച്ചു. ഇത് 50,000 രൂപയില്‍ നിന്ന് 75,000 രൂപയായാണ് ഉയർത്തിയത്. വ്യോമമാർഗമോ കടല്‍മാർഗ്ഗമോ എത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കും വിനോദസഞ്ചാരികള്‍ക്കും ഈ പുതിയ മാറ്റം പ്രയോജനകരമാകും. ഫെബ്രുവരി 2 അർധരാത്രി മുതല്‍ ഈ ഭേദഗതിയും പ്രാബല്യത്തില്‍ വരും.
ഏകദേശം പത്ത് വർഷത്തോളം നിലവിലുണ്ടായിരുന്ന ബാഗേജ് ചട്ടങ്ങള്‍ക്ക് പകരമായാണ് 2026-ലെ പുതിയ ബാഗേജ് നിയമങ്ങള്‍ കൊണ്ടു വരുന്നത്. കരമാർഗം ഒഴികെ മറ്റ് മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കോ വിനോദസഞ്ചാരികള്‍ക്കോ 75,000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കസ്‌റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാൻ ഇതുവഴി സാധിക്കുമെന്നതാണ് മറ്റൊരു ഗുണകരമായ കാര്യം. ഇതും യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഗുണകരമാവും.
കൂടാതെ വിദേശ വംശജരായ വിനോദസഞ്ചാരികള്‍ക്ക് അനുവദനീയമായ തീരുവ രഹിത പരിധിയിലും സർക്കാർ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശിശുക്കളല്ലാത്ത വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇനി 25,000 രൂപയുടെ സാധനങ്ങള്‍ തീരുവ രഹിതമായി കൊണ്ടുവരാം. 2016-ലെ ബാഗേജ് നിയമങ്ങള്‍ പ്രകാരം ഈ പരിധി 15,000 രൂപ മാത്രമായിരുന്നു. ഇത് ഉള്‍പ്പെടെയുള്ള നിർണായക മാറ്റങ്ങളാണ് പുതിയ കസ്‌റ്റംസ് ബാഗേജ് നിയമത്തില്‍ വരുത്തിയിരിക്കുന്നത്.
