December 31, 2025

സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി നയിക്കും ; രണ്ടുടേം നിബന്ധനയ്ക്ക് താല്‍ക്കാലിക ഇളവ്

Share

 

തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയ്ക്ക് ഇരയായെങ്കിലും മാസങ്ങള്‍ക്ക് അപ്പുറത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി നയിക്കും.സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. പിണറായിയുടെ മൂന്നാം ഊഴം ലക്ഷ്യമിട്ട് രണ്ടു ടേം നിബന്ധന എടുത്തുമാറ്റി. ഏതെങ്കിലും മാറ്റം പിണറായിയുടെ വ്യക്തിപരമായി മാത്രമാകും.

 

തദ്ദേശഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം നേതൃയോഗത്തിലാണ് നിര്‍ദ്ദേശം. രണ്ടു ടേം കഴിഞ്ഞ പിണറായിക്ക് ഇളവ് നല്‍കുന്നതിനൊപ്പം പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും വ്യക്തമാക്കി. തദ്ദേശ തെരെഞ്ഞടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലൂം നേതൃത്വം അത് പരിഗണിച്ചതേയില്ല.

 

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അനേകം നിര്‍ദേശമാണ് പ്രാദേശിക നേതാക്കള്‍ക്ക് ഉള്ളത്. നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച്‌ സമൂഹത്തില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നും നിര്‍ദേശമുണ്ട്. താഴെത്തട്ടില്‍ നന്നായി പെരുമാറുന്നവര്‍ ഉളളതുകൊണ്ടാണ് വലിയ തകര്‍ച്ച ഉണ്ടാകാതിരുന്നത്. പ്രാദേശിക നേതാക്കള്‍ക്കെതിരായ അഴിമതി ആക്ഷേപത്തില്‍ ഉപരി കമ്മിറ്റികള്‍ ഇടപെടുന്നില്ലെന്നും വിമര്‍ശനമുണ്ട്. സഹകരണബാങ്ക് അഴിമതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനം.

 

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലികളെന്ന വിമർശനവുമായി സിപിഐ സംസ്ഥാന കൗണ്‍സില്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലിക്കെതിരെ കടുത്ത വിമർശനമാണ് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചത്. തിരുത്താൻ തയ്യാറാകുന്നില്ലെങ്കില്‍ പിണറായി വിജയൻ മാറിനില്‍ക്കുന്നതാകും ഉചിതമെന്നും ചില നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

 

പിണറായി വിജയന്റെ ഏകാധിപത്യ സമീപനം തിരുത്താൻ അദ്ദേഹം തന്നെ തയ്യാറാകുകയോ, അല്ലെങ്കില്‍ പാർട്ടി ഇടപെടുകയോ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയർന്നു. അതിന് കഴിയുന്നില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി മാറിനില്‍ക്കുന്നതാണ് ഉചിതമെന്നായിരുന്നു സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

 

മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലി സിപിഐയ്ക്ക് വലിയ രാഷ്ട്രീയ നഷ്ടം വരുത്തിയെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉയർന്നത്. പിണറായി-വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിയെന്നും, ഭൂരിപക്ഷ വോട്ടുകള്‍ ഉറപ്പാക്കാമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കങ്ങളുണ്ടായതെന്നും വിമർശകർ ആരോപിച്ചു. എന്നാല്‍ ആ കണക്കുകൂട്ടല്‍ തെറ്റിപ്പോയെന്നും, ന്യൂനപക്ഷങ്ങള്‍ എതിർപക്ഷത്തേക്ക് നീങ്ങിയെന്നും കൗണ്‍സിലില്‍ ചൂണ്ടിക്കാട്ടി.

 

എല്ലാ നിർണായക തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ കൈയ്യില്‍ കേന്ദ്രീകരിച്ചതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന നിലപാടും കൗണ്‍സിലില്‍ ഉയർന്നു. ഈ ശൈലി തിരുത്തണമെന്ന് തുറന്നുപറയാൻ സിപിഎമ്മിന് രാഷ്ട്രീയ ധൈര്യമില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ സിപിഐ എങ്കിലും ഇടപെടണമെന്നും അഭിപ്രായമുണ്ടായി.

 

എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കുള്ള പ്രായോഗികതയെക്കുറിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നല്‍കി. യോഗത്തില്‍ ഉയർന്ന പല വിമർശനങ്ങളും ന്യായമാണെന്ന് അദ്ദേഹം അംഗീകരിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ ഭരണശൈലിയിലുള്ള പോരായ്മകള്‍ തിരുത്തേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മിനാണെന്നും, അതില്‍ സിപിഐക്ക് നേരിട്ട് ഇടപെടാൻ പരിമിതിയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. “മുഖ്യമന്ത്രിയില്‍ എന്തെങ്കിലും വീഴ്ചകളുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. സിപിഐക്ക് എങ്ങനെ അതു പറയാൻ കഴിയും?” എന്ന് ബിനോയ് വിശ്വം ചോദിച്ചു.

 

സംസ്ഥാന നിർവാഹകസമിതി യോഗത്തിനു പിന്നാലെയായിരുന്നു സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ ഈ രൂക്ഷ വിമർശനം. ഇതോടൊപ്പം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാൻ യോഗം തീരുമാനിച്ചു. സിപിഐ മത്സരിക്കുന്ന 25 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ചുമതലക്കാരെയും യോഗത്തില്‍ നിശ്ചയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.