സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ; ഒന്നരമാസത്തിനിടെ 14 മരണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനി 48 കാരിയായ സ്ത്രീ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ. സെപ്റ്റംബർ 23 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ അമീബിക്ക് മസ്തിഷ്ക ജ്വര മരണമാണിത്. ഒന്നരമാസത്തിനിടെ 14 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാല്‍ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്ബോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല.