September 21, 2024

കണ്ടത്തുവയല്‍ ഇരട്ടക്കൊല ; അവസാനഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു : വിധി പറയൽ ഉടൻ

1 min read
Share

കണ്ടത്തുവയല്‍ ഇരട്ടക്കൊല ; അവസാനഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു : വിധി പറയൽ ഉടൻ

മാനന്തവാടി: പ്രമാദമായ കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസിന്റെ വിധി പ്രസ്താവത്തിന് മുന്നോടിയായി അവസാനഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു.അന്വേഷണോദ്യോഗസ്ഥനായ അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചു. ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. അന്വേഷണോദ്യോഗസ്ഥന്റെ വിചാരണ പൂര്‍ത്തിയായശേഷം പ്രതിയെ ചോദ്യംചെയ്ത് പ്രതിഭാഗം തെളിവ് ഹാജരാക്കി വാദം പൂര്‍ത്തിയായാല്‍ വിധിപറയും.

കേസിലെ 72 സാക്ഷികളില്‍ 45 പേരെയാണ് വിസ്തരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.എം.ദേവസ്യ ഇപ്പോള്‍ ആലത്തൂര്‍ ഡിവൈഎസ്പിയാണ്. വിചാരണയ്ക്കായി കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹം കോടതിയില്‍ ഹാജരായി.

കുറ്റപത്രം സമര്‍പ്പിച്ച്‌ 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവും ഹാജരായി.

പിടിയിലായ അന്നുമുതല്‍ വിശ്വനാഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2018 ജൂലായ് ആറിനായിരുന്നു നവദമ്ബതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കേസ് കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.

രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്തംബറില്‍ കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ താമസിക്കുന്ന കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊലചെയ്തതെന്നും പൊലീസ് കണ്ടെത്തി. കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലും സമാനമായ കേസുകളില്‍ പ്രതികളായവരെയും ജയിലുകളില്‍നിന്ന് സമീപകാലത്ത് പുറത്തിറങ്ങിയവരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എഴുന്നൂറോളം പേരെയാണ് പൊലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള സൈബര്‍ അന്വേഷണവും ശാസ്ത്രീയ പരിശോധനകളുമാണ് പ്രതിയെ വലയിലാക്കിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.