ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
മാനന്തവാടി : ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബാവലി ഷാണമംഗലംകുന്ന് ഭാഗം നെട്ടേരി വീട്ടിൽ എൻ ഷിഹാബ് (30 ) ആണ് പിടിയിലായത്.
വയനാട് എക്സൈസ് ഇൻ്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി മാനന്തവാടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
KL 12 H 6063 നമ്പർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4500 പാക്കറ്റ് (90 കി.ഗ്രാം.) നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ വില വരും.
കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും വാങ്ങി മാനന്തവാടിയിലെ വിവിധ കേന്ദ്രങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതിന് വേണ്ടിയാണ് ഇവ കടത്തി കൊണ്ടുവന്നത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എ. പ്രജിത്തിൻ്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജിനോഷ്.പി.ആർ, ജോണി.കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദീപു.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ്.ഇ അഖിൽ.കെ.എം, ഡ്രൈവർ ഷിംജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.